ഗുഡ്ഗാവിൽ വീണ്ടും നിസ്കാരം തടഞ്ഞു ജുമുഅ സ്ഥലം ഹിന്ദുത്വവാദികൾ വോളിബോൾ കോർട്ടാക്കി
ന്യൂഡൽഹി
ഗുഡ്ഗാവിലെ സെക്ടർ 12 എയിലെ ജുമുഅ നിസ്കാര സ്ഥലത്ത് ഇന്നലെയും നിസ്കാരം തടസഞ്ഞ് ഹിന്ദുതീവ്രവാദ സംഘടനകൾ. പൊലിസ് നോക്കിനിൽക്കെ നിസ്കാര സ്ഥലത്ത് അക്രമികൾ ചാണകം വിതറി.
തുടർന്ന് വോളിബോൾ കോർട്ട് നിർമിക്കുമെന്ന് പറഞ്ഞ് സ്ഥലം കൈയേറിയ ഹിന്ദുത്വവാദികൾ നിസ്കാരം അനുവദിക്കില്ലെന്നും ആക്രോശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ സമയത്ത് സ്ഥലം കൈയേറിയ ഹിന്ദുത്വവാദികൾ അവിടെ ഗോവർധൻ പൂജ നടത്തുകയും മുസ് ലിംകൾക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
പൂജയ്ക്കാണെന്നു പറഞ്ഞ് അക്രമികൾ മൈതാനത്തിൽ ചാണക വരളികൾ വിതറി. ഇന്നലെയും മൈതാനത്തിന്റെ പലഭാഗത്തും കൂടുതൽ ചാണകവരളികൾ പ്രത്യക്ഷപ്പെട്ടു. ഇതിനുപിന്നാലെയാണ് ഹിന്ദുത്വവാദികൾ നേരത്തെ തന്നെ എത്തി മൈതാനം കൈയേറുകയും അവിടെ വോളിബോൾ കോർട്ട് നിർമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. എന്തു വിലകൊടുത്തും നിസ്കാരം തടയുമെന്നും ഗുഡ്ഗാവിലെവിടെയും പൊതുസ്ഥലത്ത് നിസ്കാരം അനുവദിക്കില്ലെന്നും തീവ്രവാദി സംഘത്തിലെ വീർ യാദവ് ഭീഷണി മുഴക്കി.
മൈതാനം വൃത്തിഹീനമാക്കിയതിനാൽ ഇന്നലെ ഇവിടെ ജുമുഅ നിസ്കാരം വേണ്ടെന്ന് മുസ് ലിം സംഘടനകൾ തീരുമാനിച്ചിരുന്നു. ഗുഡ്ഗാവിൽ പലയിടത്തും രണ്ട് മാസത്തിലധികമായി ജുമുഅ നിസ്കാരം തടസപ്പെടുന്നു. നിസ്കാരത്തിന് എട്ടിടങ്ങളിൽ നൽകിയിരുന്ന അനുമതി ജില്ലാ ഭരണകൂടം പിൻവലിച്ചിരുന്നു. പകരം സ്ഥലം നിസ്കാരത്തിന് കണ്ടെത്താനും പ്രശ്നം പരിഹരിക്കാനും ജില്ലാ ഭരണകൂടം സമിതി രൂപീകരിച്ചെങ്കിലും ആരുമായും ചർച്ച നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."