അറബ് നാട്ടിൽ കിരീടപ്പോര്
ദുബൈ
അറേബ്യൻ മണ്ണിലെ ടി20 ബാറ്റിങ് വെടിക്കെട്ട് പൂരത്തിന്റെ കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ മാത്രം. 23 ദിവസം നീണ്ടുനിന്ന ടി20 ലോകകപ്പിലെ കിരീടത്തിൽ ആര് മുത്തമിടുമെന്ന ചോദ്യത്തിന് ഇന്നത്തെ മത്സരഫലം ഉത്തരം നൽകും. രാത്രി 7.30ന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ന്യൂസിലൻഡും ആസ്‌ത്രേലിയയുമാണ് ഏറ്റുമുട്ടുന്നത്.
2010ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ആസ്‌ത്രേലിയ ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിനോട് പരാജയപ്പെടാനായിരുന്നു വിധി. സെമിയിലെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇരുടീമും ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സെമിയിൽ ന്യൂസിലൻഡ് മുൻ ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോൾ പാകിസ്താനെയാണ് ആസ്‌ത്രേലിയ വീഴ്ത്തിയത്.
ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ച് പ്രതികാരം ചെയ്തതു പോലെ 2015ലെ ഏകദിന ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനുള്ള പുറപ്പാടിലാണ് കിവിപ്പട. അന്ന് ആസ്‌ത്രേലിയ ബ്രെണ്ടൻ മെക്കല്ലം നയിച്ച ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയപ്പോൾ നിരാശനായി മടങ്ങുന്ന ട്രെന്റ് ബോൾട്ടിന്റെയും ടിം സൗത്തിയുടെയും മുഖം ഇന്നും ടി.വി ഷോകളിൽ വ്യക്തം. ആ സങ്കടം ഇന്നു തീർക്കാനുള്ള ഒരുക്കത്തിലാണ് വില്യംസനും സംഘവും.
ബൗളിങ് കരുത്തിൽ കിവീസ്
ബൗളിങ്ങാണ് ന്യൂസിലൻഡിന്റെ കരുത്ത്. കഴിഞ്ഞ ഐ.സി.സി ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കിരീടം ചൂടിയതും ഏകദിന ലോകകപ്പിലെ ഫൈനലിലെത്തിയതും ബൗളിങ്ങിന്റെ പിൻബലത്തിലായിരുന്നു. ട്രെന്റ് ബോൾട്ടും സൗത്തിയും മിൽനെയും നയിക്കുന്ന പേസ് നിരയിൽ തിളങ്ങാൻ സ്പിന്നർ ഇഷ് സോധിയുമുണ്ട്. ഇവർക്ക് പുറമേ ബാറ്റർമാർ പുലർത്തുന്ന മികവും കിവീസിനെ കിരീടമോഹികളാക്കുന്നു.
ഫോമിൽ കളിക്കുന്ന മാർട്ടിൻ ഗുപ്റ്റിൽ, സെമിയിലെ ഹീറോ ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം എന്നിങ്ങനെ നീളുന്നു ബാറ്റിങ് ഓർഡർ. ഇവരെയൊക്കെ കൂളായി നയിക്കാൻ സാക്ഷാൽ കെയിൻ വില്യംസനും. അതേസമയം, കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ഡേവൺ കോൺവെ പുറത്തായത് ടീമിന് വൻ ആഘാതമാണ് നൽകിയത്. താരത്തിന് പകരം ടിം സീഫെർട്ടിനെ ഉൾപ്പെടുത്തിയേക്കും.
ആത്മവിശ്വാസത്തോടെ ഓസീസ്
ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിച്ചിരുന്ന പാകിസ്താനെ സെമിയിൽ കീഴടക്കിയാണ് ഓസീസിന്റെ വരവ്. ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന ഡേവിഡ് വാർണറിലാണ് ആസ്‌ത്രേലിയയുടെ പ്രതീക്ഷ. വാർണർ പുറത്തായാലും കളിയുടെ ഗതി മാറ്റാൻ കെൽപ്പുള്ള താരങ്ങളുണ്ട് ഓസീസ് ടീമിൽ. സ്റ്റീവ് സ്മിത്ത്, ഫിഞ്ച്, മാക്‌സ്‌വെൽ, സ്‌റ്റോയിനിസ് എന്നിങ്ങനെ നീളുന്നു താരനിര.
എങ്കിലും ഇവർ ഫോമിലെത്തിയിട്ടില്ലെന്നത് ടീമിന് നിരാശ നൽകുന്നുണ്ട്. സെമിയിൽ തോൽവിയിൽ നിന്ന് ടീമിനെ കരകയറ്റിയ മാത്യു വെയ്ഡും പ്രധാന തുറുപ്പുചീട്ടാണ്. ബൗളിങ്ങിൽ സ്റ്റാർക്കും ഹാസിൽവുഡും പാറ്റ് കുമ്മിൻസും ക്യത്യതയോടെ പന്തെറിഞ്ഞ് എതിരാളികളെ സമ്മർദത്തിലാക്കുന്നുണ്ട്. സ്പിന്നർ ആദം സാംബയുടെ മാന്ത്രിക സ്‌പെല്ലും ജയത്തിലേക്ക് നയിക്കുന്നു. ക്രിക്കറ്റിലെ രണ്ട് ലോക ശക്തികൾ നേർക്കുനേർ വരുമ്പോൾ കൊവിഡ് കാലത്തെ കുട്ടിക്രിക്കറ്റ് കിരീടം ആരു നേടുമെന്നത് പ്രവചനാതീതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."