ട്രെയിൻ സർവിസ് സാധാരണ നിലയിലേക്ക്, നിരക്കും കുറയും
ന്യൂഡൽഹി
കൊവിഡ് ലോക്ക്ഡൗണിനു മുമ്പുണ്ടായിരുന്ന ട്രെയിൻ സർവിസുകൾ പുനരാരംഭിക്കാനും വർധിപ്പിച്ച നിരക്കുകൾ ഒഴിവാക്കാനും റെയിൽവേ. എക്സ്പ്രസ്, മെയിൽ ട്രെയിനുകളിലെ സ്പെഷൽ എന്ന ടാഗും ഒഴിവാക്കും. കൊവിഡിനു മുൻപുള്ള നിരക്കിൽ പഴയ സർവിസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനാണ് തീരുമാനം.
20 മാസത്തോളമായി ട്രെയിൻ സർവിസുകൾ സാധാരണ നിലയിലായിട്ടില്ല. റെയിൽവേ ബോർഡ് വെള്ളിയാഴ്ച ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. സർവിസുകളുടെ പേരും, നിരക്കും എല്ലാം പഴയപടിയാകും.
പുതിയ ഉത്തരവ് പ്രകാരം റെയിൽവേ നിരക്കിൽ ഇപ്പോഴുള്ളതിനേക്കാൾ 30 ശതമാനം വരെ ഇളവുണ്ടാകും. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെ റെയിൽവേ ബോർഡ് എടുത്ത തീരുമാനം പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് ഉത്തരവായി ലഭിച്ചു. ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ചെങ്കിലും സ്പെഷൽ ട്രെയിനുകൾ മാത്രമാണ് സർവിസ് നടത്തിയിരുന്നത്.
ആദ്യം സർവിസ് പുനരാരംഭിച്ച സ്പെഷൽ ട്രെയിനുകളും പിന്നീട് പാസഞ്ചറുകളും ഒാടാൻ തുടങ്ങിയെങ്കിലും സ്പെഷൽ എന്ന ടാഗിലായിരുന്നു യാത്ര. ഇനി ഇവ സാധാരണ നമ്പറിലേക്ക് മാറും. നിരക്കും കുറയും.
ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകളിൽ നിരക്കിളവ് ലഭിക്കില്ല. ഇവർക്ക് പണം തിരികെ നൽകില്ലെന്നും റെയിൽവേ അറിയിച്ചു. കൊവിഡിനു മുൻപ് 1,700 മെയിൽ, എക്സ്പ്രസ് സർവിസുകളാണ് റെയിൽവേ നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."