ഇക്വഡോര്‍ ജയിലില്‍ വീണ്ടും കലാപം; 68 പേര്‍ കൊല്ലപ്പെട്ടു
ക്വിറ്റോ: ഇക്വഡോര്‍ ജയിലില്‍ വീണ്ടും ഏറ്റുമുട്ടല്‍. 68 പേര്‍ കൊല്ലപ്പെട്ടു. ഗ്വായാക്വില്‍ നഗരത്തിലെ ലിറ്റോറല്‍ പെനിറ്റിയന്‍ഷറി ജയിലിലാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
പൊലിസ് എത്തിയാണ് ജയിലിനുള്ളിലെ യുദ്ധസമാന സാഹചര്യം നിയന്ത്രിച്ചത്. ജയില്‍ കെട്ടിടത്തില്‍ നിരവധി തോക്കുകളും ബോംബുകളും വാളുകളും കണ്ടെത്തി. നേരത്തെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുപേര്‍ ജയിലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതാണ് വലിയ ഏറ്റുമുട്ടലിലേക്ക് വളര്‍ന്നത്. സംഘര്‍ഷം തുടരാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ജയിലില്‍ പട്ടാളത്തെ തന്നെ വിന്യസിച്ചിരിക്കുകയാണ്.
ജയില്‍ ഏറ്റുമുട്ടലുകള്‍ക്ക് പേരുകേട്ട ഇക്വഡോറില്‍ സെപ്തംബറില്‍ നൂറിലേറെ തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. തലയറുത്ത നിലയിലാണ് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് അന്ന് കലാപത്തിലേക്ക് നയിച്ചത്.
ജയിലിന്റെ നിയന്ത്രണത്തിനായി തടവുകാര്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടുന്നത് ഇക്വഡോറില്‍ തുടര്‍ക്കഥയാവുകയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലും ജൂലൈയിലുമെല്ലാം ഇത്തരം കലാപങ്ങള്‍ നടന്നിരുന്നു. 300ലേറെ ആളുകളാണ് ഇക്വഡോറിലെ ജയിലുകളില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."