ഭൂമി ഇടപാട് ആരോപണം: നമ്പി നാരായണെതിരായ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: നമ്പി നാരായണനും മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐ.എസ്.ആര്.ഒ ഗൂഢാലോചനക്കേസ് പ്രതിയും പൊലിസ് ഉദ്യോഗസ്ഥനുമായിരുന്ന എസ്. വിജയന് നല്കി ഹരജി ഹൈക്കോടതി തള്ളി. നേരത്തെ തിരുവനന്തപുരം സി.ബി.ഐ കോടതിയും ഹരജി തള്ളിയിരുന്നു.
ചാരക്കേസ് അന്വേഷിച്ചിരുന്ന കാലത്ത് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി നമ്പി നാരായണനും മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥരും തമ്മില്‍ ഭൂമി ഇടപാട് ഉണ്ടായിരുന്നു എന്നായിരുന്നു ആക്ഷേപം. എന്നാല്‍, ഉന്നയിക്കപ്പെട്ട ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹരജിക്കാര്‍ക്ക് ഹാജരാക്കാനായിട്ടില്ല എന്ന് ഹൈക്കോടതി പറഞ്ഞു.
അതേസമയം കേസില്‍ നമ്പി നാരായണന് ഭൂമി വാങ്ങി നല്‍കിയതിന് രേഖകള്‍ ഉണ്ടെങ്കില്‍ വിചാരണ കോടതിയില്‍ പുതിയ ഹരജി നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പണവും ഭൂമിയും നല്കി നമ്പി നാരയണന് സിബിഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനെ തുടര്‍ന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നായിരുന്നു എസ് വിജയന്റെ ആരോപണം. നമ്പിനാരായണന് അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. 24 രേഖകളും എസ് വിജയന് ഇതിനായി വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."