സംസ്ഥാനത്ത് മഴ കനക്കുന്നു: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വ്യാപകമായ മഴ രാത്രിയിലും തുടര്‍ന്നേക്കും. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 16) അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെയും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്നും പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച്ച (2021 നവംബര്‍ 16) അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും ജില്ലാ കലക്ടര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാറ്റമില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."