പ്ലസ് വൺ പ്രവേശനം പുതിയ ബാച്ചുകൾ 23ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി
മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കും
തിരുവനന്തപുരം
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച ഫലം ലഭിച്ചവരും പ്ലസ് വൺ പ്രവേശനത്തിൽ സീറ്റ് ലഭിക്കാതെ പുറത്തായിരിക്കെ പുതിയ ബാച്ച് 23ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
കൊവിഡിനുശേഷം സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളെ വരവേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്‌മെന്റിൽ ഇടം ലഭിക്കാത്ത വിദ്യാർഥികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ താലൂക്കുകളിൽ പുതിയ ബാച്ച് ആവശ്യമുണ്ടെന്നത് പരിശോധിച്ചു പുതിയ ബാച്ച് അനുവദിച്ച് പ്രവേശനം ഉറപ്പാക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യ ഘട്ടത്തിൽ ആരംഭിച്ച എല്ലാ ക്ലാസുകളും സുഗമമായി നടന്നുവരികയാണ്. ക്ലാസ് നടത്തിപ്പിലോ വിദ്യാർഥികളുടെ ആരോഗ്യകാര്യത്തിലോ യാതൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല.
കൊവിഡ് മാനദണ്ഡങ്ങളും ക്ലാസ് നടത്തിപ്പിനായി സർക്കാർ പുറത്തിറക്കിയ മാർഗരേഖയും കൃത്യമായി പാലിച്ചാകും തുടർന്നും ക്ലാസുകൾ നടക്കുകയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."