ഗുജറാത്തിൽ 600 കോടിയുടെ ഹെറോയിൻ പിടിച്ചു; മൂന്നുപേർ അറസ്റ്റിൽ
അഹമ്മദാബാദ്
ഗുജറാത്തിൽ വൻ മയക്കുമരുന്നുവേട്ട. മോർബി ജില്ലയിലെ സിൻസുദ ഗ്രാമത്തിൽ 600 കോടി രൂപ വിലവരുന്ന 120 കിലോ ഹെറോയിൻ പിടിച്ചു. ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്ക്വാഡാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. മുഖ്താർ ഹുസൈൻ (ജബ്ബാർ ജോഡിയ), ഷംസുദ്ദീൻ സയ്ദ്, ഗുലാം ഹുസൈൻ ഉമർ ഭഗത് എന്നിവരാണ് പിടിയിലായത്.
ലോക്കൽ പൊലിസുമായി ചേർന്നായിരുന്നു എ.ടി.എസ് ടീമിൻ്റെ ഒാപറേഷൻ. സംഭവത്തിൽ പാകിസ്താന് ബന്ധമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
മുഖ്താർ ഹുസൈനും ഗുലാം ഹുസൈനും പാകിസ്താൻ ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയത്. ബലൂചിലെ സാഹിദ് ബഷീർ എന്നയാളാണ് മയക്കുമരുന്ന് ഇവർക്കു നൽകിയതെന്നു പറയുന്നു. 2019ൽ 227 കിലോ ഹെറോയിൻ കടത്തിയ കേസിലും ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്ന് എ.ടി.എസ് പറഞ്ഞു.
ഇന്ത്യൻ കള്ളക്കടത്തു സംഘങ്ങൾ വഴി ആഫ്രിക്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് മയക്കുമുരുന്ന് പിടികൂടിയത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 1,320 കോടി രൂപയുടെ മയക്കുമരുന്ന് ഗുജറാത്തിൽ പിടികൂടിയതായും എ.ടി.എസ് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടിയുടെ 3,000 കിലോ ഹെറോയിൻ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."