തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഹിറ്റായി ഡിജിറ്റല്‍ ചുവരെഴുത്തുകളും
പാലക്കാട്: പരസ്യരീതികളേറെ മാറിയിട്ടും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചുവരെഴുത്ത് തന്നെ ഇന്നും താരം. ബാനറെഴുത്തും ഫ്‌ലക്‌സ് ബോര്‍ഡുകളുമില്ലാത്ത കാലത്തെ തെരഞ്ഞെടുപ്പുകളില്‍ ഏക പ്രചാരണായുധമായിരുന്നു ചുവരെഴുത്തുകള്‍. കാലംമാറി, പ്രചാരണത്തിന് എല്‍.ഇ.ഡി ഡിജിറ്റല്‍ വാളുകള്‍ വരെ വ്യാപകമായിട്ടും ചുവരെഴുത്ത് ഒഴിച്ചുകൂടാനാകാത്ത പ്രചാരണ മാര്‍ഗമായി തുടരുകയാണ്.
ചുവരെഴുത്ത് കുറഞ്ഞാല്‍ വലിയ വിമര്‍ശനമാണ് അണികളില്‍ നിന്ന് സ്ഥാനാര്‍ഥികളും നേതൃത്വവും നേരിടേണ്ടി വരുന്നത്. സ്ഥാനാര്‍ഥികളുടെ പ്രചാരണ മികവ് വിലയിരുത്തുന്നത് പോലും ചുവരെഴുത്തുകളുടെ എണ്ണം നോക്കിയാണെന്ന് രാഷ്ട്രീയ നേതാക്കള്‍ പറയുന്നു. അതേസമയം കാലത്തിനനുസരിച്ച് ചുവരെഴുത്തിനെയും ഡിജിറ്റലാക്കിയിരിക്കുകയാണ് ആര്‍ട്ടിസ്റ്റുകള്‍.
സ്ഥാനാര്‍ഥികളുടെ മള്‍ട്ടികളര്‍ ചിത്രങ്ങളോടെ ചുരുങ്ങിയ സമയംകൊണ്ട് ചുവരെഴുത്ത് നടത്താന്‍ സാധിക്കുന്നുവെന്നതാണ് ഡിജിറ്റലിലേക്കുള്ള മാറ്റം കൊണ്ടുള്ള നേട്ടം. നേരത്തെ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളോട് കൂടി ചുവരെഴുതാന്‍ ഒന്നോ രണ്ടോ ദിവസം ആവശ്യമായി വന്നിരുന്നു. സാമ്പത്തിക ചെലവും കൂടുതലായിരുന്നു.
എന്നാല്‍ ഡിജിറ്റലിലേക്ക് മാറിയതോടെ സമയത്തോടൊപ്പം സാമ്പത്തിക ചെലവും കുറഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ വര്‍ണാഭ ചിത്രങ്ങളോടെയുള്ള ചുവരെഴുത്തിന് നേരത്തെ ഉണ്ടായിരുന്നതിന്റെ നാലിലൊന്ന് ചെലവ് മാത്രമേ വരുന്നുള്ളൂ.
സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ഗ്രാഫിക് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ പെയിന്റിങ് രൂപത്തിലാക്കി വിനയല്‍, ഫ്‌ലക്‌സ്, ക്ലോത്ത് തുടങ്ങിയ ഏതെങ്കിലും മീഡിയയില്‍ പ്രിന്റ് ആന്റ് കട്ട് ചെയ്‌തെടുക്കുകയാണ് ഇന്ന് ചെയ്യുന്നത്. സാധാരണ ഫോട്ടോകള്‍ പ്രിന്റ് ചെയ്ത് അതില്‍ സ്റ്റെയിനര്‍ ഉപയോഗിച്ച് പെയിന്റിങ് രൂപത്തിലാക്കുന്ന രീതിയും ചില ആര്‍ട്ടിസ്റ്റുകള്‍ അവലംബിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ ചുവരുകളില്‍ ഒട്ടിച്ച് സ്റ്റെയിനറുകള്‍ ഉപയോഗിച്ച് പ്രത്യേക ഡിസൈന്‍ കൂടി ബോര്‍ഡറായി നല്‍കുന്നതോടെ ഡിജിറ്റല്‍ ചുവരെഴുത്ത് റെഡി. സ്ഥാനാര്‍ഥികളുടെ രൂപത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നതും എല്ലാം ഒരേ രൂപത്തിലാക്കാമെന്നതും ഡിജിറ്റല്‍ ചുവരെഴുത്തിന്റെ മറ്റൊരു നേട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."