'അങ്ങനെ ഫിറോസ്‌ക്ക കറിവെച്ചു, ഒന്നാന്തരം വറുത്തരച്ച കറി'
അങ്ങനെ ഫിറോസ്‌ക്ക കറിവെച്ചു. മയിലല്ല കേട്ടോ നല്ല ഒന്നാന്തരം വറുത്തരച്ച് കോഴിക്കറി. യൂടൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ കൊലവിളി മുഴക്കിയെത്തിവരെല്ലാം വെറുംകയ്യോടെ പോവേണ്ടി വന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ.
നവംബര്‍ 13നാണ് ഫിറോസിന്റെ വിവാദ വീഡിയോ പുറത്തു വന്നത്. കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചു എന്നതായിരുന്നു വീഡിയോ. ദുബൈയിലെ മാര്‍ക്കറ്റില്‍ നിന്ന് മയിലിനെ വാങ്ങുന്നതായിരുന്നു വീഡിയോയില്‍. എന്നാല്‍ വീഡിയോ പുറത്തു വിട്ടതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമുയര്‍ന്നു. സംഘ്പരിവാര്‍ കൂട്ട ആക്രമണമായിരുന്നു വീഡിയോക്കു കീഴെ. പിന്നാലെ കഴിഞ്ഞ ദിവസം (15-11-21) കറിവെക്കുന്നതിന്റെ വീഡിയോ ഇട്ടു. എന്നാല്‍ എല്ലാ സസ്‌പെന്‍സും പൊളിച്ച് വറുത്ത കോഴിക്കറിയാണ് ഫിറോസ് കാഴ്ചക്കാര്‍ക്ക് വിളമ്പിയത്.
മയിലിനെ അറുത്ത് കറിവയ്ക്കാന്‍ ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ലെന്നും ആളുകള്‍ക്കിടയില്‍ കൗതുകമുണ്ടാക്കി വ്യത്യസ്തമായൊരു കണ്ടന്റ് സൃഷ്ടിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിഡിയോയില്‍ വിശദീകരിക്കുന്നു. ദുബൈയിലെ ഒരു ശൈഖിന് വളര്‍ത്താന്‍ വേണ്ടി മയിലിനെ നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
''നമ്മളിപ്പോഴുള്ളത് ദുബൈയിലാണ്. നാട്ടില്‍ ഇതിനെ തൊടുകയോ പിടിക്കുകയോ വിഡിയോ ഷൂട്ട് ചെയ്യുകയോ ഫോട്ടോ എടുക്കുക പോലും ചെയ്യാന്‍ പാടില്ല. ദുബൈയില്‍ ഇതിനെ വാങ്ങിക്കാം'' എന്ന ആമുഖത്തോടെയാണ് വിഡിയോ തുടങ്ങുന്നത്.
'ഈ മയിലിന്റെ ചന്തം കണ്ടാല്‍ തിന്നാല്‍ തോന്നുമോ?' എന്ന് ചോദിക്കുന്ന അദ്ദേഹം തങ്ങളത് ചെയ്യില്ലെന്നും വ്യക്തമാക്കുന്നു. ''ഞങ്ങളത് ചെയ്യില്ല. നമ്മുടെ ദേശീയപക്ഷിയാണിത്. ഇതിനെ തിന്നാല്‍ പാടില്ല. ഭക്ഷിക്കാനുള്ള സാധനമല്ല ഇത്. രസകരമായ ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇതിനെ കറിവയ്ക്കാന്‍ മാത്രം മോശക്കാരല്ല ഞങ്ങള്‍. ആരും ഇതിനെ കറിവയ്ക്കാന്‍ പാടില്ല. ഏതു രാജ്യത്ത് പോയാലും നമ്മുടെ ദേശീയപക്ഷിയായ ഇതിനെ കറിവയ്ക്കാന്‍ പാടില്ല. ഭാവിതലമുറയ്ക്ക് നല്‍കുന്ന നല്ല സന്ദേശമല്ല ഇത്''വിഡിയോയില്‍ ഫിറോസ് പറയുന്നു.
സമൂഹമാധ്യമങ്ങളിലടക്കം വന്ന വിമര്‍ശങ്ങളില്‍ ആരോടും വെറുപ്പും വിഷമവുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളത്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള യൂടൂബര്‍മാരില്‍ ഒരാളാണ് ഫിറോസ്. 60 ലക്ഷത്തോളമാണ് നിലവില്‍ അദ്ദേഹത്തെ യൂടൂബില്‍ പിന്തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."