നീതി നേരത്തെയാകാൻ മധ്യസ്ഥത
ഗിരീഷ് കെ. നായർ
[email protected]
ഇന്ത്യയിലെ സുപ്രിംകോടതി തുടങ്ങി താഴെ സിവിൽകോടതി വരെ ഏതാണ്ട് നാലര കോടിയോളം കേസുകൾ കെട്ടിക്കിടക്കുന്നതായാണ് നാഷനൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡും സുപ്രിംകോടതിയുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണിത്? കേസുകൾ തീരാത്തതെന്താണ്? ഉത്തരം 'അതാണ് കോടതി' എന്നതു മാത്രമാണ്. കോടതികളിൽ ഒരു കേസിൽ വിധിയുണ്ടാകണമെങ്കിൽ നടപടിക്രമങ്ങളുണ്ട്. വാദം, എതിർവാദം, വിചാരണ, അവധി തുടങ്ങി നിരവധി നൂലാമാലകളാൽ വർഷങ്ങൾ കഴിഞ്ഞായിരിക്കും ഒരു കേസിൽ തീർപ്പുണ്ടാവുക. എന്തിനു വേണ്ടിയാണ് കേസ് കൊടുത്തതെന്ന് കക്ഷികൾ പോലും മറന്നുപോകുമ്പോഴാവും ഒരു കേസ് തീരുക. അത്രയുംകാലം കഴിഞ്ഞ് ആ കേസ് തീർന്നിട്ട് അയാൾക്ക് ഒന്നും സാധിക്കാനുണ്ടാവില്ല. ചിലപ്പോൾ അയാളുടെ മരണശേഷമായിരിക്കും കേസ് തീരുന്നത്. കോടതിവരാന്ത കയറിയിറങ്ങുന്ന സാധാരണക്കാരുടെ ജീവിതദുരിതത്തിന് അറുതി വരുത്തുന്നതിനുള്ള പദ്ധതിയെന്നുവേണം 'മധ്യസ്ഥത'യെ വിലയിരുത്താൻ. രാജ്യത്ത് മധ്യസ്ഥത നിയമം നടപ്പാക്കാനുള്ള ബില്ല് ചർച്ച ചെയ്യപ്പെടുകയാണ്.
കേസുകളുടെ നൂലാമാല
ഒരാൾ കേസിൽ ഉൾപ്പെട്ടാൽ ഇനിയൊരിക്കലും കോടതിയിൽ കയറേണ്ടിവരരുതേ എന്ന് പ്രാർഥിച്ചുപോകും. കാരണം കോടതി നിയമമാണ്. നിയമങ്ങൾ നൂലാമാലകളും ചുവപ്പുനാടയും എല്ലാം ചേർന്നതാണ്. നമ്മളുടേതല്ലാത്ത കാരണം കൊണ്ടുപോലും നമ്മൾ പ്രതിയായേക്കാം. അത് നമുക്ക് നാണക്കേടും ദുരവസ്ഥയും സമ്മാനിക്കും. മാത്രമല്ല, കോടതിവരാന്തകൾ കയറിയിറങ്ങേണ്ട ഗതികേടും ഉണ്ടാക്കും. ഇതിനു പണവും സമയവും ജീവിതവും ഹോമിക്കേണ്ടിവരികയും ചെയ്യും.
ഉദാഹരണത്തിന്, റീസർവേ. നമ്മൾ വാങ്ങി ജീവിച്ചുപോന്ന ഭൂമിക്ക് പട്ടയവും മറ്റു രേഖകളുമുണ്ടെങ്കിലും സർക്കാർ പല കാരണങ്ങളാൽ ഭൂമി റീസർവേ ചെയ്യാറുണ്ട്. അങ്ങനെ വരുമ്പോൾ ഒരുപക്ഷേ വസ്തുനമ്പർ മാറിപ്പോകും. ചിലപ്പോൾ അതിർത്തി തന്നെ മാറും. ഇതു നമ്മൾ അറിയില്ല, ആരും അറിയിക്കാറുമില്ല. അങ്ങനെ അതിന്റെ ഇരയായി മാറും. ഭൂമി വിൽക്കുമ്പോഴോ, പണയപ്പെടുത്തുമ്പോഴോ, വീതംവയ്ക്കുമ്പോഴോ അതല്ലെങ്കിൽ അയൽക്കാരൻ അവന്റെ ഭൂമി അളക്കുമ്പോഴോ ഒക്കെയാണ് അതുവരെ നമ്മുടേതായിരുന്ന, നാം അനുഭവിച്ചിരുന്ന ഭൂമി നമ്മുടേതല്ലെന്നറിയുന്നത്. റീസർവേയുടെ വലിയ ചതിയാണിത്. ഉദ്യോഗസ്ഥരുടെ വൻ വീഴ്ച. എന്നാൽ രേഖകളില്ലാതാകുന്നതോടെ മുമ്പ് സ്വന്തമായിരുന്ന ഭൂമി വീണ്ടും സ്വന്തം പേരിലാക്കണമെങ്കിൽ കോടതിയാണ് ശരണം. അതോടെ ആ നൂലാമാലയിൽ കുടുങ്ങുകയും ചെയ്യുന്നു.
മറ്റൊരുദാഹരണം, ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൂടി ഡിവോഴ്‌സ് തേടി കോടതിയിലെത്തുന്നതോടെ വേണ്ടായിരുന്നു എന്നു തോന്നിത്തുടങ്ങും. കുടുംബകോടതികളിൽ പേരു വിളിക്കുന്നതും കാത്ത് നിൽക്കുന്ന ഭാര്യമാരെയും ഭർത്താക്കൻമാരെയും കാണാം. കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന കുഞ്ഞുങ്ങളും അവരുമായി നിൽക്കുന്ന ഭാര്യമാരും ഭർത്താക്കൻമാരും കുടുംബകോടതി വരാന്തകളിലെ നിത്യകാഴ്ചയാണ്. ഇത്രയും നൂലാമാലകളുണ്ടായിരുന്നെങ്കിൽ ഇതു വേണ്ടായിരുന്നുവെന്ന് പറയുന്ന ദുരവസ്ഥ. ഇവിടെയാണ് മധ്യസ്ഥതാ നിയമത്തിന്റെ പ്രാധാന്യം. മേൽപ്പറഞ്ഞ തരത്തിലുള്ള കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കാൻ നിമിഷങ്ങളോ, ദിവസങ്ങളോ മതി. ആഴ്ചകളോ, മാസങ്ങളോ ഒക്കെ അപൂർവം കേസുകളിൽ മതി.
മധ്യസ്ഥതാ നിയമം
കോടതിയിൽ എത്തുന്നതിനു മുമ്പോ ശേഷമോ കേസുകൾ, പ്രധാനമായും സിവിൽ കേസുകൾ-കമ്പനികൾ തമ്മിലുള്ള തർക്കം, കമ്പനിയും വ്യക്തികളും തമ്മിലുള്ള തർക്കം, സർക്കാരും സ്ഥാപനങ്ങളും തമ്മിലുള്ള തർക്കം, വ്യക്തികൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കം, കുടുംബപ്രശ്‌നങ്ങൾ തുടങ്ങിയവ- മധ്യസ്ഥതയിലൂടെ പരിഹരിക്കാനാവും. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ഇതിന്റെ പരിധിയിൽ വരുന്നില്ല. ക്രിമിനൽ കേസുകളിൽ ചില നിബന്ധനകൾ ബില്ലിൽ പറയുന്നുണ്ട്. വെടിവയ്ക്കുന്നതോ, കൊലപാതകമോ, ബലാത്സംഗമോ, പീഡനമോ ഒന്നും ഇതിന്റെ പരിധിയിൽ വരുന്നില്ല. കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകളും നീക്കുപോക്കുണ്ടാക്കാവുന്ന ക്രിമിനൽ സ്വഭാവമുള്ള കേസുകളും മധ്യസ്ഥതയിലൂടെ തീർക്കാനാവും.
ഏതു വകുപ്പുമായി ബന്ധപ്പെട്ട പരാതിയാണോ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ട കക്ഷികളെ ഒരുമിച്ചിരുത്തി മധ്യസ്ഥതയിൽ കേസ് തീർക്കുന്നു. ആ മധ്യസ്ഥതയ്ക്ക് നിയമ പരിരക്ഷ കൊടുക്കുന്നു. ഇതാണ് മധ്യസ്ഥതാ നിയമം. ഇതിനു പ്രത്യേക ബോഡി രൂപീകരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. സമൂഹത്തിൽ സൽപേരുള്ളവരും കേസിലുൾപ്പെട്ട ഇരുകക്ഷികൾക്കും സ്വീകാര്യരുമായ വ്യക്തികളെ മധ്യസ്ഥതയ്ക്കു വേണ്ടി സമീപിക്കാം. ഇത്തരത്തിലുള്ള ആളുകളുടെ ഒരു ലിസ്റ്റുണ്ടാവും. അവരുടെ നേതൃത്വത്തിൽ അല്ലെങ്കിൽ മധ്യസ്ഥതയിൽ ഒരു കേസ് കോടതിക്ക് പുറത്ത് തീർപ്പുണ്ടായാൽ അതിനു കോടതിയിൽനിന്ന് നിയമപരിരക്ഷ ലഭിക്കും. മാത്രമല്ല, മധ്യസ്ഥതയിൽ രഹസ്യങ്ങൾ കൈമാറുന്ന രേഖകൾ, അതിലെ മാപ്പപേക്ഷകൾ, പ്രസ്താവനകൾ ഇവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഈ രഹസ്യം ലംഘിക്കുന്നതും പുറത്തുപറയുന്നതും നിയമവിരുദ്ധവും ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യവുമാകും. അതായത്, മധ്യസ്ഥതയിൽ ഉയരുന്ന എല്ലാ വിഷയങ്ങളും രഹസ്യമായിരിക്കണം.
മധ്യസ്ഥതാ രേഖ മൂന്നു മാസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. എങ്കിൽ മാത്രമേ അതിനു നിയമസാധുതയുള്ളൂ, അതൊരു ലീഗൽ ഡോക്യുമെന്റാവുകയുള്ളൂ. മധ്യസ്ഥതയിൽ തീർപ്പായ ശേഷം അതു ലംഘിച്ചാൽ കോടതിക്ക് ശിക്ഷാനടപടി സ്വീകരിക്കാനാവും. പുതിയ സംവിധാനത്തിൽ കേസ് മധ്യസ്ഥതയിൽ തീർപ്പുകൽപ്പിച്ചാൽ അവിടെ അതു തീർന്നു. പിന്നീട് അതിനുപിന്നാലെ പോകാൻ രണ്ടു കക്ഷികൾക്കും കഴിയില്ല. അങ്ങനെ കോടതികളിൽ കെട്ടിക്കിടക്കുന്നതും അനാവശ്യമായ തരത്തിലുള്ള എല്ലാ കേസുകളും തീർക്കാൻ വേണ്ടിയാണ് പ്രത്യേക നിയമം വരുന്നത്. കരട് ചർച്ചയ്ക്കു ശേഷം പാർലമെന്റിൽ അവതരിപ്പിക്കുന്നതോടെ ഇതു നിയമമാവും.
നിലവിലെ രീതി
ഇപ്പോഴുമുണ്ട് മധ്യസ്ഥത. എ.ഡി.ആർ എന്നാണ് വിളിപ്പേര്. അദാലത്തുകളോ ആർബിട്രേഷനോ ഉടമ്പടികളോ തീർപ്പുകളോ ഒക്കെ നിലവിൽ മധ്യസ്ഥത എന്ന പേരിൽ നടക്കാറുണ്ട്. എന്നാൽ ഇതൊന്നും ഓടിപ്പോയി സമീപിക്കാൻ പറ്റുന്നതോ, സമയത്തിനു തീരുന്നതോ അല്ല. സിവിൽ കേസ് കോടതിയിലെത്തിയാൽ അതിൽ കോടതി തീരുമാനമെടുക്കുന്നതിനു മുമ്പ് മധ്യസ്ഥതയ്ക്കു വിടാം, അദാലത്തിനും വിടാം. അദാലത്തിൽ പങ്കെടുക്കുന്ന ഉന്നതവ്യക്തികൾ പലപ്പോഴും റിട്ട. ജഡ്ജിമാരാവും. രാജ്യത്തെല്ലായിടത്തും ലീഗൽ സർവിസ് അതോറിറ്റിയുണ്ട്. എല്ലാ ജില്ലകളിലുമുണ്ട്. ഈ സംവിധാനമുണ്ട്. ഇവരുടെ നേതൃത്വത്തിലും മറ്റും മധ്യസ്ഥത നടക്കാറുണ്ടെങ്കിലും അതിനു നിയമപരിരക്ഷ കിട്ടാത്ത സാഹചര്യമാണുള്ളത്. കക്ഷികൾ അതു ലംഘിക്കുന്നതും സാർവത്രികമാണ്. അതുകൊണ്ടുതന്നെ കേസിൽ ഉൾപ്പെടുന്നവർക്ക് ഇപ്പോഴത്തെ മധ്യസ്ഥതയായ എ.ഡി.ആറിൽ താൽപര്യമില്ല. അതുകൊണ്ടുതന്നെ മധ്യസ്ഥതയ്ക്ക് നിമയപരിരക്ഷ നൽകിക്കൊണ്ടാണ് പുതിയ നിയമം അവതരിപ്പിക്കപ്പെടുന്നത്.
നിലവിൽ മധ്യസ്ഥതയെ പലരും ഭയപ്പെടുകയോ നിസാരമായി കാണുകയോ ചെയ്യുന്നുണ്ട്. അതിനു കാരണമുണ്ട്. നിലവിലെ മധ്യസ്ഥതയിൽ കക്ഷികൾ വിട്ടുവീഴ്ചയ്ക്കു തയാറായാൽ തന്നെ അതു പുറത്തറിയുന്ന ഒരു രീതിയുണ്ട്. മധ്യസ്ഥത ഒരു രഹസ്യമല്ലാത്തതാണ് അതിനു കാരണം. പണം കൊടുത്തായാലും പ്രസ്താവന നടത്തിയായാലും മാപ്പപേക്ഷിച്ചായാലും തർക്കം മധ്യസ്ഥതയിലൂടെ തീർന്നാലുടൻ അതു പൊതുസമൂഹം അറിയുന്ന സ്ഥിതി വിശേഷമാണിപ്പോഴുള്ളത്. അതുവച്ചാകും പിന്നീട് നാട്ടുകാരും മറ്റും കേസിലെ എതിർകക്ഷികളും ഒരുവനെ പരിഹസിക്കുക.
കോടതിയും മധ്യസ്ഥതയും
കോടതിയിൽ കേസുമായി പോകുമ്പോൾ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണന ലഭിക്കുക. അതുകാരണം നീണ്ട ക്യൂവിൽ നമ്മുടെ കേസ് പരിഗണിക്കുന്ന ദിവസത്തിനായി കാത്തിരിക്കണം. വക്കീലിനു നൽകേണ്ട തുക, മറ്റു ചാർജുകൾ അടക്കം നല്ലൊരു സംഖ്യ കോടതിയുമായി ബന്ധപ്പെട്ട് കേസ് നടത്തുന്നതിന് ചെലവാകും. മാത്രമല്ല, അടിയന്തരമായി പരിഹരിച്ചുകിട്ടേണ്ട കേസിനായി വർഷങ്ങൾ കാത്തിരിക്കേണ്ട ഗതികേടും.
മധ്യസ്ഥത ഇതിൽനിന്ന് വ്യത്യസ്തമാണ്. ഒരു തർക്കത്തിന്റെ തുടക്കത്തിൽ തന്നെ അതു മധ്യസ്ഥതയിലൂടെ പരിഹരിക്കാനാകും. മറ്റെല്ലാ തലങ്ങളും മാറ്റിവച്ച് മധ്യസ്ഥന് പ്രധാന തർക്കം എന്താണെന്നു കണ്ടെത്തി ഇരുകക്ഷികളുമായും സമവായമുണ്ടാക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. കോടതിയിൽ ചെലവാക്കുന്നത്ര തുക വേണ്ടെന്നു മാത്രമല്ല, നാമമാത്രമായ തുകയ്ക്ക് കേസ് തീർക്കുകയുമാവാം. അതും വേഗത്തിൽ തീർത്ത് അപ്പോൾതന്നെ നടപടിയുണ്ടാക്കാനാവും. മാത്രമല്ല, വിവിധ മേഖലകളിലുള്ള കേസുകൾക്ക് അതതു മേഖലകളിൽ പ്രാവീണ്യമുള്ള പ്രമുഖരാവും മധ്യസ്ഥത വഹിക്കുന്നത് എന്ന മേന്മയും കാണാതെ പോകരുത്. കോടതിയിലേതുപോലെ നിയമങ്ങളുടെ നൂലാമാലകൾ ഇഴകീറി പരിശോധിക്കേണ്ട കാര്യവുമില്ല. കോടതിവിധിയിൽ എപ്പോഴും ജയവും തോൽവിയുമുണ്ടാവും. തോറ്റയാൾക്ക് ജയിച്ചവനോട് എന്നും പ്രതികാരവും പകയും. പ്രത്യേകിച്ച് കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കോടതികൾ തീർക്കേണ്ടത് ഉചിതമല്ലെന്ന് സിവിൽ പ്രോസീജിയർ കോഡിന്റെ 32എ വകുപ്പ് പറയുന്നുമുണ്ട്. മധ്യസ്ഥതയിലൂടെ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അതു ചൂണ്ടിക്കാട്ടുന്നു.
എതിർവാദങ്ങൾ
ഒരാളോട് മധ്യസ്ഥതയ്ക്ക് കോടതികൾ നിർബന്ധിക്കുന്നത് കേസ് നൽകുന്ന സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നാണ് ഇതിനെതിരായ ഒരു വാദം. കേസ് നൽകുന്നയാൾക്ക് മധ്യസ്ഥതയ്ക്കു പോകാൻ താൽപര്യമില്ലെന്നിരിക്കട്ടെ. അയാളെ അതിനു നിർബന്ധിക്കുന്നത് സ്വയം തീരുമാനിക്കാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്നാണ് വിവക്ഷ. എന്നാൽ, മധ്യസ്ഥത നിയമവിധേയമാകുന്നതോടെ കോടതിയെ സമീപിക്കുന്നതിനു പകരം ഇതിലേക്ക് പോയാൽ തന്റെ പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്ന് കക്ഷിക്ക് ബോധ്യപ്പെടണം. അക്കാര്യം അയാളെ ബോധ്യപ്പെടുത്തണം.
മധ്യസ്ഥതയ്ക്കിടെ എപ്പോഴെങ്കിലും ഒരു കക്ഷിയെ സമ്മർദത്തിലാക്കി എതിർകക്ഷിക്ക് അനുകൂലമായ തീരുമാനമെടുക്കാനാവില്ലേ എന്നാണ് മറ്റൊരു എതിർവാദം. അതായത്, തനിക്ക് അംഗീകരിക്കാനാവാത്ത സെറ്റിൽമെന്റിന് സമ്മർദം മൂലം വഴിപ്പെടേണ്ടിവരിക. ഇതും അടിസ്ഥാനമില്ലാത്തതാണ്. കാരണം, മധ്യസ്ഥതയിൽ തീരുന്നില്ലെങ്കിൽ പഴയപടി കോടതിയെ സമീപിക്കാനുള്ള അവകാശം ഇരുകക്ഷികൾക്കും നഷ്ടപ്പെടുന്നില്ല.
പിന്നെ, കേസുകൾ കുറഞ്ഞേക്കുമോ എന്ന് വക്കീലൻമാർ ഭയപ്പെടുന്നു എന്ന വാദമാണ്. ഇവിടെ മനസിലാക്കേണ്ടത്, മധ്യസ്ഥത എന്ന വഴി മുമ്പുമുണ്ടായിരുന്നു എന്നതാണ്. അതിനു നിയമപ്രാബല്യം ഇല്ലായിരുന്നു. നിയമപരിരക്ഷ നൽകുന്നു എന്ന വ്യതിയാനം മാത്രമേ മധ്യസ്ഥതാ നിയമത്തിലുള്ളത്. അതുകൊണ്ടുതന്നെ മധ്യസ്ഥതയിൽ തീരാത്ത കേസുകൾ സ്വാഭാവികമായും കോടതികളിലെത്തും. ഗുരുതരമായ ക്രിമിനൽ കേസുകൾ അപ്പോഴും കോടതികളിലുണ്ടാവുമെന്നത് വേറെ കാര്യം. മധ്യസ്ഥത നടപ്പാക്കുന്നതിലൂടെ ഒരു സുപ്രഭാതത്തിൽ ഇന്ത്യയിലെ കേസുകളെല്ലാം തീർന്നുപോകുമെന്ന ഭയം വക്കീലൻമാർക്ക് ഉണ്ടാവില്ല. മനുഷ്യരുള്ള കാലത്തോളം കേസുകളുണ്ടാകുമെന്ന് അവർക്കറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."