പുനഃസംഘടന; ഉമ്മൻ ചാണ്ടി സോണിയയെ കണ്ട് വിയോജിപ്പറിയിച്ചു
ന്യൂഡൽഹി
പുനഃസംഘടനാ നടപടികൾ തുടരാനുള്ള കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനത്തിൽ എ.ഐ.സി.സി വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടി.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന തുടരുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോടും കൂടിയാലോചിക്കാെത ഏകപക്ഷീയമായാണ് കെ.പി.സി.സി നേതൃത്വം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെയാണ് ഉമ്മൻ ചാണ്ടി സോണിയയെ കണ്ടത്.
പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ സോണിയയെ അറിയിച്ചെന്നും ആ പ്രശ്‌നങ്ങളെല്ലാം സംഘടനയ്ക്കുള്ളിൽ പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പുനഃസംഘടന നടത്തുകയാണെങ്കിൽ അത് എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണമെന്നും അതിന് എ.ഐ.സി.സി മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം സോണിയയോട് ആവശ്യപ്പെട്ടതായാണ് വിവരം.
രാഷ്ട്രീയകാര്യ സമിതിയുമായും കൂടിയാലോചിച്ചാണ് തീരുമാനങ്ങളെടുക്കേണ്ടത്. അച്ചടക്ക നടപടികൾ പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന കാര്യം പരിശോധിക്കണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി ഉന്നയിച്ചു.
ഉപദേശങ്ങൾ നൽകുക മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുടെ റോളെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രസ്താവനയിലും ഉമ്മൻ ചാണ്ടി അതൃപ്തി അറിയിച്ചു.
ഹൈക്കമാൻഡ് ഇടപെട്ടിട്ടും മുതിർന്ന നേതാക്കളെ സംസ്ഥാന നേതൃത്വം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."