വാഗൺ കൂട്ടക്കൊലയ്ക്ക് നൂറ്റാണ്ട് തികയുമ്പോൾ
ടി.കെ.എ. അസീസ്
9495645737
പാരതന്ത്ര്യത്തിന്റെ അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ വേണ്ടി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ നിരവധി ഐതിഹാസിക സമരങ്ങൾ അരങ്ങേറുകയുണ്ടായി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് ആരംഭിച്ച മലബാർ കലാപം അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ലോകമനഃസാക്ഷിയെ നടുക്കിയ ''വാഗൺ ട്രാജഡി'' മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കൂട്ടകൊലയായിരുന്നു. കണ്ണീരിൽ വാറ്റിയെടുത്ത ചോര പൊടിഞ്ഞ ഈ അധ്യായം കഴിഞ്ഞിട്ട് 100 വർഷം പിന്നിടുകയാണ്.
മലബാർ കലാപത്തെ വെറും മാപ്പിള ലഹളയായി ചിത്രീകരിക്കാൻ ആദ്യം മുതൽക്കേ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ജന്മനാട്ടിൽ അന്യരായിത്തീർന്ന് കടുത്ത ചൂഷണങ്ങൾക്ക് വിധേയരായി വീർപ്പുമുട്ടികഴിയേണ്ടിവന്നപ്പോൾ ഉയിർത്തെഴുന്നേൽപ്പിനായി ദേശാഭിമാനികളായ വിപ്ലവകാരികൾ ശ്രമങ്ങൾ നടത്തി. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശാഗ്നിയിൽനിന്ന് ചൂടും വെളിച്ചവും ഉൾക്കൊണ്ട് രാജ്യസ്‌നേഹത്താലും മതവിശ്വാസം നൽകിയ ആവേശത്താലും ബ്രിട്ടനും അവരുടെ കുഴലൂത്തുകാരായ ജന്മിമാർക്കും എതിരെ നടന്ന ഈ പോരാട്ടം ദേശീയ സമരത്തിന്റെ ഭാഗമായിരിന്നുവെന്നതിന് സംശയമില്ല.
മലബാർ കലാപത്തിന് തുടക്കം കുറിച്ചത് 1921 ഒാഗസ്റ്റ് 20-നായിരുന്നു. ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദിനെ അകാരണമായി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിക്കുവാനും അദ്ദേഹത്തെയും കൂടെ തടവിൽവച്ചവരെയും വിട്ടയക്കണമെന്ന ആവശ്യം ഉന്നയിക്കാനും വേണ്ടി ആലി മുസ്‌ലിയാരുടെ നേതൃത്വത്തിൽ കുറച്ച് ഖിലാഫത്ത് വളണ്ടിയർമാർ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിൽ ക്യാംപ് ചെയ്തിരുന്ന കലക്ടറുടെ അടുത്തേക്ക് മാർച്ച് ചെയ്തു. പൊലിസ് സ്റ്റേഷന് അടുത്തുവച്ച് പട്ടാളം ജനക്കൂട്ടത്തെ തടഞ്ഞു. എ.എസ്.പി റൗളി ജനക്കൂട്ടത്തോട് കാര്യം അന്വേഷിച്ചപ്പോൾ അവർ ആവശ്യം ഉന്നയിച്ചു. ഇതുകേട്ടയുടനെ പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു; എല്ലാവരും ശാന്തരായി ഇരിക്കുക, അവരെ ഉടനെ വിടാം. ആലി മുസ്‌ലിയാർ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. ജനങ്ങൾ ഇരുന്നപ്പോൾ കലക്ടർ തോമസ് ''ഫയർ'' എന്നാജ്ഞാപിച്ചു. വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. പട്ടാളവും ജനങ്ങളും ഏറ്റുമുട്ടി. അവസാനം പട്ടാളക്കാർ പിന്തിരിഞ്ഞോടി. മലബാർ കലാപത്തിന്റെ ഉദ്ഘാടനമായിരുന്നു ഇതെന്ന് പറയാം. പിന്നീട് ലഹള ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലേക്ക് പടർന്നുപിടിച്ചു. ഈ സമരത്തിന്റെ ഭാഗമായി കടുത്ത യാതനകളും ഏറെ പീഡനങ്ങളും ജനങ്ങൾക്ക് സഹിക്കേണ്ടി വന്നു. സമരഭടന്മാരുടെയും പട്ടാളക്കാരുടെയും ചൂടുരക്തം വീണ് ഏറനാട് ചുവന്നപ്പോൾ സമരത്തെ പെട്ടെന്ന് അടിച്ചൊതുക്കാൻ സാധിക്കില്ലെന്ന് ബ്രിട്ടീഷുകാർക്ക് മനസിലായി, അവർ അടവ് മാറ്റി. സമരത്തിന് വർഗീയ നിറം കൊടുക്കാൻ ശ്രമിച്ചു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും പരസ്പരം അകറ്റി സമരത്തെ നിർവീര്യമാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ആദ്യമാദ്യം അവർ ഇക്കാര്യത്തിൽ അൽപ്പം ജയിച്ചു. എന്നാൽ ഖിലാഫത്ത് സമരത്തെ അഖിലേന്ത്യാതലത്തിൽ തന്നെ കോൺഗ്രസും ഗാന്ധിജിയും അംഗീകരിച്ചതോടെ അവരുടെ തന്ത്രം പാളിപ്പോയി. കേരളത്തിലും കോൺഗ്രസ് നേതാക്കൾ ഖിലാഫത്ത് സമരത്തിന് പിന്തുണ നൽകി. ഇത് ബ്രിട്ടീഷുകാർക്ക് കനത്ത തിരിച്ചടിയായിരുന്നു. കോൺഗ്രസ് നേതാക്കളായ കെ.പി കേശവമേനോൻ, കെ. മാധവൻ നായർ, എം.പി നാരായണമേനോൻ, മുഹമ്മദ് അബ്ദുറഹിമാൻ എന്നിവരെല്ലാം സമരത്തെ ദേശീയതയിലേക്ക് നയിക്കാൻ സഹായിച്ചു. ഇതോടെ വീണ്ടും കർശന പട്ടാള നിയമം വഴി സമരത്തെ അടിച്ചമർത്താനാണ് ഭരണകൂടം തീരുമാനിച്ചത്.
മലബാറിൽ പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങളുടെ മുഴുവൻ സ്വാതന്ത്ര്യങ്ങളും പട്ടാളമേധാവികൾ കവർന്നെടുത്തു. പട്ടാളക്കാർ തിരൂരങ്ങാടിയെത്തി വലിയ ജുമുഅത്ത് പള്ളി വളഞ്ഞു. പള്ളിയിലുള്ളവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. തങ്ങൾ നിരായുധരായ അഭയാർഥികളാണെന്ന് പള്ളിക്കകത്തുനിന്ന് പറഞ്ഞെങ്കിലും പട്ടാളം വഴങ്ങിയില്ല. പിന്നീട് വെടിവയ്പ്പായിരുന്നു. ഈ സമയം ഒരു വിഭാഗം പട്ടാളക്കാർ പട്ടണത്തിലേക്ക് നീങ്ങിയിരുന്നു. അവർ കണ്ടതെല്ലാം നശിപ്പിച്ചു. തിരൂരങ്ങാടി വെന്ത് വെണ്ണീറായി. ഈ വിധമായിരുന്നു പട്ടാളത്തിന്റെ പോക്ക്. ഇതിൽ കുപിതരായ ജനങ്ങൾ ആയുധമെടുത്ത് പൊരുതി. ഹിന്ദു-മുസ്‌ലിം വ്യത്യാസമില്ലാതെ രാജ്യസ്‌നേഹികൾ ഒന്നിച്ച് പട്ടാള പേക്കൂത്തിനെതിരെ ആഞ്ഞടിച്ചു. പട്ടാളം പലരെയും തടവിൽ പിടിച്ചു. എന്നാൽ ഇവരെയെല്ലാം പാർപ്പിക്കാൻ വേണ്ടത്ര ജയിലുകൾ മലബാറിലില്ല. അതിനാൽ അറസ്റ്റ് ചെയ്തവരെ ബല്ലാരിയിലേക്കും മറ്റു ജയിലുകളിലേക്കും അയച്ചുകൊണ്ടിരുന്നു. അനുഗമിക്കാൻ വേണ്ടത്ര പൊലിസുകാർ ഇല്ലാതിരുന്നതിനാൽ ചരക്കുവണ്ടികളിലും മറ്റും അടച്ചുപൂട്ടിയാണ് അവരെ കൊണ്ടുപോയിരുന്നത്. 1921 നവംബർ 19 വൈകുന്നേരം തിരൂർ റയിൽവേ സ്റ്റേഷനിൽ എം.എസ്.എം.എൽ.വി-1711 എന്ന് മുദ്രണം ചെയ്ത ഒരു ചരക്കുവണ്ടിവന്നുനിന്നു. മലബാറിലെ ദേശാഭിമാനികളുടെ ചൂടുരക്തം മോന്താനെത്തിയതാണിതെന്ന് അന്ന് ആരും കരുതിയില്ല. തടവുകാരെ ഓരോരുത്തരെയും പട്ടാളം അകത്തുകടത്തി. 90 പേരെ വണ്ടിയിൽ കയറ്റിയപ്പോൾ പിന്നെ വണ്ടിയിൽ നിൽക്കാൻ ഇടമില്ല. പിന്നെയും 10 പേരെയും കൂടി തള്ളിക്കയറ്റിയപ്പോൾ പലരുടെയും പൃഷ്ഠഭാഗങ്ങളും കൈകാലുകളും പുറത്തേക്ക് തുറിച്ചുനിന്നു. തോക്കിൻചട്ട കൊണ്ട് എല്ലാവരേയും കുത്തി അകത്താക്കിയശേഷം വാതിൽ കൊട്ടിയടച്ച് വണ്ടി കിതച്ചും മൂളിയും തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് നീങ്ങി.അൽപനേരം കഴിഞ്ഞപ്പോൾ വാഗണിൽ കൂട്ടനിലവിളി, പ്രാണ വായുകിട്ടാതെ ദാഹം സഹിക്കവയ്യാതെ ആ ഇരുണ്ട ചരക്ക് വണ്ടിയിൽ നിന്നും ഉയർന്ന മനുഷ്യരോദനം പക്ഷേ അധികൃതരുടെ ബധിര കർണങ്ങളിലാണ് പതിച്ചത്.
പെറ്റ നാടിന്റെ മാനം കാക്കാൻ തങ്ങളുടെ വിശ്വാസ പ്രമാണങ്ങളനുസരിച്ച് ജന്മനാട്ടിൽ ജീവിക്കാൻ നാടിനെക്കുറിച്ച് നിരവധി സ്വപ്നങ്ങളുമായി അടർക്കളത്തിലിറങ്ങിയ ആ ധർമ്മ ഭടന്മാർ വാഗണിൽവച്ച് പരസ്പരം മറന്ന് മാന്തിക്കീറി രക്തം കുടിച്ചു ദാഹം തീർത്തു. അർധരാത്രി കഴിഞ്ഞപ്പോൾ വണ്ടി പോത്തന്നൂരിൽവച്ച് തുറന്നുനോക്കിയപ്പോൾ വണ്ടിയിലെ രംഗം അതീവ ദാരുണമായിരുന്നു. തിക്കിത്തിരക്കി കെട്ടിപ്പിടഞ്ഞ് കണ്ണുതുറിച്ച് നാക്ക് പുറത്തേക്ക് തള്ളി മരിച്ചവരും മരിക്കാത്തവരും രക്തത്തിലും മലത്തിലും മൂത്രത്തിലും കിടന്ന് പിടയുന്നു. തുറന്നപ്പോൾ 56 പേർ മരിച്ചുകഴിഞ്ഞിരുന്നു. പിന്നീട് 16 പേർ കൂടി മരിച്ചുവെന്നാണ് കണക്ക്. മരിച്ച 72 പേരിൽ മുസ്‌ലിംകൾ മാത്രമല്ല 4 ഹിന്ദു സഹോദരന്മാരുമുണ്ടായിരുന്നുവെന്ന് മദിരാശി ലജിസ്ലേറ്റീവ് കൗൺസിൽ ഔദ്യോഗികമായി വെളിപ്പെടുത്തി. മരിച്ചവരെ തിരൂർ റയിൽവേ സ്റ്റേഷനിലേക്കുതന്നെ തിരികെ കൊണ്ടുപോകുകയും ബാക്കിയുള്ളവരെ കോയമ്പത്തൂർ സെൻട്രൽ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വാഗൺ ദുരന്തത്തെ ഇ.മൊയ്തു മൗലവി തന്റെ ആത്മകഥയിൽ സ്മരിക്കുന്നതിങ്ങനെയാണ്; ''വാഗൺ ട്രാജഡിയിൽ മരണത്തിന്റെ വായിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ എന്റെ കൂടെ രാജമന്ദിർ ജയിലിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞകാര്യം ഇങ്ങനെയാണ്. വണ്ടി എടക്കുളം (തിരുനാവായ) സ്റ്റേഷനിൽ എത്തിയത് എനിക്ക് ഓർമയുണ്ട്. ദാഹം സഹിക്കവയ്യാതെ ആയപ്പോൾ ഞങ്ങൾ മൂത്രം ഒഴിച്ചുകുടിക്കുകയും അന്യോന്യം കടിച്ച് ചോരകുടിക്കുകയും പരസ്പരം വിയർപ്പ് നക്കിത്തുടക്കുകയും ചെയ്തു. പിന്നീട് എനിക്കൊന്നും ഓർമ്മയില്ല. ഓർമ്മ വന്നപ്പോൾ ഞാൻ ജയിൽ ആശുപത്രിയിലാണ്''.
ഇന്ത്യാ ചരിത്രത്തിൽ ഇതിനോട് സാമ്യമുള്ള മറ്റൊരു ക്രൂരസംഭവം ''ജാലിയൻ വലാബാഗ്'' ദുരന്തമാണെന്ന് പറയാം. പൊതുവായ ചില സ്വഭാവങ്ങൾ രണ്ടിനുമുണ്ട്. ബ്രിട്ടന്റെ ക്രൂരതയും ദീർഘവീക്ഷണമില്ലായ്മയും രണ്ടിലും നിഴലിച്ചുകാണാം. സ്വാതന്ത്ര്യത്തിന്റെ വില രക്തമാണ് എന്ന സൂക്തത്തിന്റെ പൊരുൾ സ്വന്തം ചോരയിലെഴുതിയ ഈ രക്തസാക്ഷികൾ നമുക്കെന്നും സ്മരണീയരാണ്. ആ രക്തസാക്ഷികൾക്ക് നിത്യശാന്തി നേരുക നാം. 1981ൽ പ്രസിദ്ധീകരിച്ച ''വാഗൺട്രാജഡി സ്മരണികയിൽ'' മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് വാഗൺ ട്രാജഡിയെ ഓർക്കുന്ന ഒരു ഭാഗം ഇവിടെ കുറിക്കാം. ''പഞ്ചാബിലെ ജാലിയൻ വാലാബാഗ് ദുരന്തം പോലെ മലബാറിലെ വാഗൺ ട്രാജഡിയെ അഖിലേന്ത്യാ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ സംഭവമായി അന്നാരും കണക്കാക്കിയില്ല. രാഷ്ട്രീയ, കുടിയാൻ പ്രസ്ഥാനങ്ങളെ ആസ്പദമാക്കി പുറപ്പെട്ട മലബാർ കലാപം ''മാപ്പിള ലഹള''യാക്കി ചിത്രീകരിക്കുകമൂലം പ്രസ്ഥാനത്തിനകത്തുണ്ടായ വിടവ് നിമിത്തം ബ്രിട്ടീഷ് ഭരണാധികാരികൾ കാണിച്ച ക്രൂരതയുടെ ആഴവും പരപ്പും കാണാൻ ഈ പൈശാചിക കൃത്യത്തിനെതിരേ വ്യാപകമായ പ്രതിഷേധം കെട്ടിപ്പടുക്കുവാൻ വലിയൊരു വിഭാഗം ജനങ്ങൾക്ക് കഴിഞ്ഞില്ല''.
ഇന്നും ഇതുതന്നെയാണ് സ്ഥിതി, മലബാർ കലാപവും വാഗൺ ട്രാജഡിയും ഒന്നും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാനോ ആ രക്തസാക്ഷികളോട് നീതി പുലർത്താനോ ഭരണകൂടമോ ചില മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ തയാറാകുന്നില്ല. സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം പങ്ക് വിസ്മരിക്കുകയെന്ന ഗൂഢതന്ത്രവും ഇതിന്റെ പിന്നിലുണ്ടാകാം. ചരിത്രം വളച്ചൊടിക്കാനും മാറ്റിമറിക്കാനും ചിലപ്പോൾ താൽക്കാലികമായെങ്കിലും സാധിച്ചേക്കും. പക്ഷേ സ്വർണപ്പാത്രം കൊണ്ട് മൂടിക്കിടക്കുകയാണ് മണ്ണിൽ ശാശ്വതസത്യം എന്ന ആപ്തവാക്യം മറക്കുക വയ്യ. അത് ചാരം നീക്കി ഒരു ദിവസം പുറത്തുവരുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."