ഐതിഹാസികം ഈ കർഷക വിജയം
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
ഇന്നലെ വരെ അവർ ഭീകരവാദികളായിരുന്നു. ഖലിസ്ഥാൻവാദികളും വിഭജനവാദികളും കപടകർഷകരും. ഒരു സുപ്രഭാതത്തിൽ അവരൊക്കെയും രാജ്യത്തിന് അന്നം നൽകുന്ന പ്രിയപ്പെട്ടവരായി. അവരുടെ മുന്നിൽ നമിച്ചുനിൽക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. മൂന്നു കർഷക നിയമങ്ങളും പിൻവലിച്ചുകൊണ്ട് അദ്ദേഹം കർഷകസമരത്തിനു മുന്നിൽ അടിയറവു പറഞ്ഞു.
ഒരു വർഷത്തിലേറെക്കാലം നീണ്ട ഐതിഹാസികമായ കർഷകസമരത്തിൽ രാജ്യത്തെ കർഷകർ വിജയിച്ചിരിക്കുന്നു. മൂന്നു നിയമങ്ങൾ പിൻവലിക്കുന്നതൊഴിച്ച് കർഷകർ ഉന്നയിക്കുന്ന എന്താവശ്യവും അംഗീകരിക്കാമെന്നു പറഞ്ഞുകൊണ്ടിരുന്ന സർക്കാർ ഇപ്പോൾ അതേ മൂന്നു നിയമങ്ങളും പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു. കരുത്തൻ നേതാവെന്ന പ്രതിച്ഛായ നിലനിർത്താൻ താൽപ്പര്യപ്പെടുന്ന മോദിയുടെ വീഴ്ചയാണ് നവംബർ 19-ാം തീയതി അദ്ദേഹം രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ കണ്ടത്. നവംബർ 19-ന് ഒരു പ്രത്യേകതയുണ്ട്. സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്റെ ജന്മദിനമാണന്ന്. സിഖ് മതത്തിൽപ്പെട്ടവർക്ക് വളരെ പ്രിയപ്പെട്ട ദിവസം. സിഖ് മതസ്ഥർ പരിപാവനമെന്നു വിശ്വസിക്കുന്ന ഗുരു ഗ്രന്ഥ് സാഹിബ് അമൃത്സറിലെ രാംസർ സാഹിബിൽ സമർപ്പിച്ച ദിവസമാണത് - 1604 നവംബർ 19. സിഖ് മതത്തിന്റെ ആധാരമായ കീർത്തനങ്ങൾ അടങ്ങിയ വിശുദ്ധഗ്രന്ഥമാണ് ഗുരു ഗ്രന്ഥ് സാഹിബ്.
അടുത്ത വർഷമാദ്യം പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെ കണ്ണുതുറന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ പ്രത്യേകിച്ച് പശ്ചിമ യു.പിയിൽ ആവേശത്തോടെ പടരുകയായിരുന്ന കർഷകസമരം സംസ്ഥാനത്ത് വീണ്ടും ഭരണം സ്വപ്നം കാണുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും പരിഭ്രമിപ്പിച്ചിരിക്കുന്നുവെന്നതു തീർച്ച. സംസ്ഥാന തെരഞ്ഞെടുപ്പു മാത്രമല്ല പ്രശ്‌നം. യു.പിയിൽ പരാജയപ്പെട്ടാൽ അതു 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ബാധിക്കും. കേന്ദ്രഭരണം പിടിക്കണമെങ്കിൽ യു.പി ഭരണം പിടിച്ചെടുക്കണമെന്നതാണ് ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ ഒരു സൂത്രവാക്യം. യു.പിയിൽ ആകെയുള്ളത് 403 സീറ്റാണ്. പശ്ചിമ യു.പിയിൽ ഇതിന്റെ ചെറിയൊരു ഭാഗമേയുള്ളൂ - വെറും 44 സീറ്റ്. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് അവഗണിക്കാനാവാത്ത കാര്യം തന്നെയാണ്. ഇന്ത്യയൊട്ടാകെ നടക്കുന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പുകണക്കുകൾ കൃത്യമായി കൂട്ടിക്കുറിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് ഇത് അവഗണിക്കാനാവാത്ത കാര്യം തന്നെയാണ്.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയതെങ്കിലും രാജ്യത്തെ കർഷക സമൂഹമൊക്കെയും ഉറ്റു നോക്കുകയായിരുന്നു ഈ സമരത്തെ. രാഷ്ട്രീയപ്പാർട്ടികളുടെയോ നേതാക്കളുടെയോ മറ്റേതെങ്കിലും സംഘടനകളുടെയോ പിന്തുണയില്ലാതെ കർഷകർ മാത്രം സംഘടിപ്പിച്ച സമരമായിരുന്നു ഇത്. സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ സകല ശക്തിയും പ്രയോഗിച്ചു. പൊലിസ് അമിതമായ തരത്തിൽ ഇടപെട്ടു. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനൊന്നിനും കർഷകസമരത്തെ ദുർബലപ്പെടുത്താൻ കഴിഞ്ഞില്ല. സമരക്കാരുടെ ആത്മവീര്യത്തെ തകർത്തുമില്ല.
സാധാരണക്കാരായ ഇന്ത്യൻ കർഷകർക്ക് ഇത്രയും ശക്തിയോ കരുത്തോ ഇല്ലെന്നു തന്നെ പറയാം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം കർഷകരും ദരിദ്രരാണ്. സ്വന്തമായി ഒന്നോ രണ്ടോ ഏക്കർ കൃഷിഭൂമി മാത്രമുള്ളവർ. ഈ കർഷകരോടൊപ്പം പണിയെടുക്കുന്ന തൊഴിലാളികളുമുണ്ട്. ഇന്ത്യയിലെ തൊഴിൽ സമൂഹത്തിന്റെ 40 ശതമാനം പേരും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും ഓർക്കണം. ഇന്ത്യയുടെ വ്യവസായരംഗത്ത് കാര്യമായ പുരോഗതി ഉണ്ടാവുന്നുമില്ല. ഹരിതവിപ്ലവം പോലെയുള്ള കാർഷിക വികസന പദ്ധതികൾ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ വളരെയധികം സഹായിച്ചപ്പോൾ പാവപ്പെട്ട കർഷകനെ ശാസ്ത്രീയ നേട്ടങ്ങളും ഹരിത വിപ്ലവവുമൊന്നും സഹായിച്ചുമില്ല. ഇന്നും പൂർണമായും കാലാവസ്ഥയെയും നാടൻ രീതികളെയും ആശ്രയിച്ചുതന്നെയാണ് ഇന്ത്യയിലെ സാധാരണ കർഷകർ കൃഷി നടത്തുന്നത്. പക്ഷേ അവർക്കും കർഷക സമരം ആവേശമായി എന്ന കാര്യം ഓർമിക്കണം.
വൻകിട കൃഷിക്കാർ വളരെ പ്രാധാന്യത്തോടു കൂടിയാണ് കുറഞ്ഞ താങ്ങുവില എന്ന മിനിമം സപ്പോർട്ട് പ്രൈസിനെ(എം.എസ്.പി) കാണുന്നത്. പഞ്ചാബിലും ഹരിയാനയിലും മറ്റും കർഷകരുടെ ഉൽപന്നങ്ങൾ കേന്ദ്ര ഏജൻസികൾ നിശ്ചിതവിലയ്ക്ക് ഏറ്റുവാങ്ങും. അതിന് വർഷങ്ങളായി നിലനിൽക്കുന്ന ഏറെക്കുറെ കുറ്റമറ്റ ഒരു സംവിധാനമുണ്ട്. ഈ സംവിധാനം അപ്പാടേ ഇല്ലാതാവുമോ എന്നതായിരുന്നു വൻകിട കർഷകരുടെ പേടി. കാർഷികരംഗത്ത് പുതിയ പരിഷ്‌ക്കാരങ്ങളും സർക്കാർ ലക്ഷ്യംവച്ചിരുന്നു. അതിൽ പ്രധാനം കാർഷിക രംഗത്തേക്ക് വൻകിട സ്വകാര്യ കമ്പനികളെ ആകർഷിക്കുക എന്നതായിരുന്നു. വലിയ കർഷകരെ ആശങ്കയിലാഴ്ത്തി ഇക്കാര്യം.ഇന്ത്യൻ കാർഷിക മേഖലയിൽ ഇനി ഒരു വൻ മുന്നേറ്റമുണ്ടാവണമെങ്കിൽ സ്വകാര്യസ്ഥാപനങ്ങൾ ഈ രംഗത്തേയ്ക്കു കടന്നുവന്നാലേ മതിയാവൂ എന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. പക്ഷേ ഇത് മുഖവിലയ്‌ക്കെടുക്കാൻ കർഷക സംഘടനകൾ തയാറായില്ല. കാർഷികമേഖലയിൽ സ്വകാര്യ ഏജൻസികൾ കടന്നുവരാൻ ഇടയാക്കിയാൽ ആ രംഗത്ത് അവർ പിടിമുറുക്കുകയാവും ചെയ്യുക എന്ന് കർഷകർ കണക്കുകൂട്ടി. അവർക്ക് ഇഷ്ടംപോലെ അനുഭവങ്ങളുമുണ്ട്. കർഷകർക്കതു നഷ്ടക്കച്ചവടമാവും.
ഉരുളക്കിഴങ്ങു കൃഷി തന്നെ ഉദാഹരണം. പലതരം മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ബഹുരാഷട്ര സ്ഥാപനങ്ങൾ ധാരാളമുണ്ട്. ഇവ കരാർകൃഷി അടിസ്ഥാനത്തിൽ കർഷകരെ സംഘടിപ്പിച്ചു കൃഷി നടത്തും. പറഞ്ഞുറപ്പിച്ച വിലയ്ക്ക് ഉൽപന്നം വാങ്ങും. മൂല്യവർധിത ഉൽപന്നങ്ങളായി അത് വിൽക്കുന്നതാവട്ടെ വലിയ വിലയ്ക്ക്. കൃഷിയും മറ്റു സംവിധാനങ്ങളുമൊക്കെ വൻകിട സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായി കഴിഞ്ഞാൽ കർഷകരുടെ ഉൽപന്നങ്ങളുടെ വില നിയന്ത്രണാധികാരം പൂർണമായി അവരുടെ കൈയിലാവും. ഇതു വലിയൊരു കുരുക്കാണെന്നു കർഷകർ കണ്ടു. അതിൽ വീഴാതിരിക്കണമെങ്കിൽ സമരം വിജയിച്ചേ മതിയാവൂ എന്നും അവർ തിരിച്ചറിഞ്ഞു.
നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം നവംബർ 19-ാം തീയതി ഒരു വലിയ നഷ്ടത്തിന്റെ ദിവസമാണ്. കർഷക നിയമങ്ങൾ പിൻവലിച്ചതുപോലെ തികച്ചും അപ്രതീക്ഷിതമായാണ് നിർണായകമായി തീരുമാനങ്ങളൊക്കെ മോദി പ്രഖ്യാപിച്ചിട്ടുള്ളത്. നോട്ട് റദ്ദാക്കൽ, കൊവിഡ് തടയാനുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം എന്നിങ്ങനെ. ഇത്തരം നടപടികൾ പെട്ടെന്നെടുത്താലുണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒന്നുമാലോചിച്ചിരുന്നില്ല പ്രധാനമന്ത്രി എന്ന കാര്യം പിന്നീടു തെളിഞ്ഞു. അപ്രതീക്ഷിതമായ ലോക്ക്ഡൗൺ മൂലം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികളാണ് നടുറോഡിൽപെട്ടു പോയതും നരകയാതന അനുഭവിച്ചതും .
ഈ പശ്ചാത്തലത്തിലാണ് പുതിയൊരു ചോദ്യം ഉയരുന്നത്. പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തുന്ന പ്രഖ്യാപനത്തിലൂടെ വിവാദ നിയമങ്ങൾ പിൻവലിച്ചാൽ തീരുന്നതാണോ കർഷക സമരം? സമരം നിർത്തി കർഷകരൊക്കെയും വീടുകളിലേക്ക് മടങ്ങണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും കർഷക സംഘടനകൾ അത് ചെവിക്കൊണ്ടില്ല. ആവശ്യങ്ങളിൽ പിടിമുറുക്കി സമരരംഗത്തു അവർ പിടിച്ചുനിൽക്കുകയാണ്. താങ്ങുവില തന്നെയാണു പ്രധാനവിഷയം. ഇതു സംബന്ധിച്ച് സർക്കാർ ഉറപ്പുനൽകണമെന്നതാണ് ഒരു പ്രധാന ആവശ്യം. സമരത്തിനിടയ്ക്ക് 700-ലേറെ കർഷകരാണ് മരണമടഞ്ഞത്. യു.പിയിലെ േലഖിംപൂർ ഖേരിയിൽ മന്ത്രി പുത്രന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നു കർഷകരും ഉൾപ്പെടുന്നു. വിവിധ കാരണങ്ങൾ പറഞ്ഞ് കർഷകർക്കെതിരേ പൊലിസ് എടുത്ത പല കേസുകളുണ്ട്. ഇതെല്ലാം പിൻവലിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
വിവാദനിയമങ്ങൾ ഏകപക്ഷീയമായി പിൻവലിച്ച മോദി ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കണമെന്നതാണ് ചോദ്യം. ചർച്ചകളിലൂടെയായിരുന്നു പരിഹാരം കാണാൻ ശ്രമിച്ചിരുന്നതെങ്കിൽ ഇത്തരം വിഷയങ്ങളിലൊക്കെയും പരിഹാരം കാണാനാവുമായിരുന്നു. ഒരു മേശക്കു ചുറ്റമിരുന്നു കാര്യങ്ങൾ തുറന്നു സംസാരിക്കുമ്പോൾ വിഷയങ്ങളിലൊക്കെയും ഒരു തീർപ്പുണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണ്. പ്രധാനമന്ത്രിയുടെ ഏകപക്ഷീയമായ പ്രഖ്യാപനം ഇതിനുള്ള സാധ്യത തള്ളിക്കളയുകയായിരുന്നു. കർഷകരുടെയും കർഷക സംഘടനകളുടെയും ആത്മവീര്യം വർധിക്കുകയും ചെയ്തിരിക്കുന്നു. ബലം പിടിച്ചു തന്നെ സർക്കാരിനു മുന്നിൽ വാദഗതികൾ ഉയർത്താൻ അവർ കരുത്തുനേടിയിരിക്കുന്നു. ഇത് മറ്റു സംഘടനകൾക്കും സർക്കാരിനോടു വിലപേശാൻ ഊർജം നൽകും.
ഇതുവരെ ഒരു കാര്യത്തിലും പരാജയപ്പെട്ടിട്ടില്ലെന്ന പ്രതിച്ഛായയുമായി നിലകൊണ്ടിരുന്ന നരേന്ദ്ര മോദിയാണ് ഇപ്പോൾ കർഷകരുടെ മുന്നിൽ അടിയറവു പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ പ്രതിപക്ഷകക്ഷികൾക്കോ ബി.ജെ.പി വിരുദ്ധ ചേരിക്കോ നേരിടാൻ കഴിഞ്ഞിട്ടില്ലാത്ത നേട്ടമാണ് ഒരു രാഷ്ട്രീയ പിന്തുണയും തേടാതെ കർഷകസംഘടനകൾ നേടിയിരിക്കുന്നത്. ഇത് ഒട്ടും നിസാരമല്ല. അതുകൊണ്ടുതന്നെ ഈ സമരം മറ്റെല്ലാ സമരത്തെക്കാളും മുന്നിൽനിൽക്കുന്നു. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ സമരം. ആ സമരത്തിന്റെ ഐതിഹാസിക വിജയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."