'നിയമത്തില്‍ വിശ്വാസമായിരുന്നു എന്റെ മോള്‍ക്ക്, അത്രമേല്‍ ആ സി.ഐ അവളെ അപമാനിതയാക്കിയിട്ടുണ്ടാവും' തേങ്ങലടങ്ങുന്നില്ല മൂഫിയയുടെ ഉമ്മക്ക്
ആലുവ: 'നിയമത്തില്‍ അത്ര വിശ്വാസമായിരുന്നു അവള്‍ക്ക്. ആരൊക്കെ കൈവിട്ടാലും ആരൊക്കെ അപമാനിച്ചാലും നിയമം കൂടെ നില്‍ക്കുമെന്ന് അവള്‍ കരുതി. അതുകൊണ്ടല്ലേ പൊലിസ് സ്റ്റേഷനിലേക്ക് അവള്‍ തനിച്ചു പോയത്' സങ്കടം വീര്‍പ്പുമുട്ടുന്ന ആ മുറിയിലിരുന്ന് വരുന്നവരോടെല്ലാം മൂഫിയയുടെ മാതാവ് ഫാരിസ ഇതുതന്നെ പറയുന്നു. എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ അവള്‍ക്കൊപ്പം പോയില്ല തേങ്ങലടക്കാനാവാതെ അവര്‍ വിലപിച്ചുകൊണ്ടേയിരിക്കുന്നു.
അവളിത്രയും തകരുമെന്ന് ഒരിക്കലും കരുതിയില്ല. വളരെ ബോള്‍ഡായ മോളായിരുന്നു. സ്വന്തമായി അധ്വാനിച്ച് പഠിച്ചിരുന്നവളാണ്. മെഹന്ദിയിട്ടു കൊടുക്കാന്‍ പോവാറുണ്ടായിരുന്നു. എല്ലാവരോടും ചോദിച്ചു നോക്കൂ..അവള്‍ എങ്ങനെയായിരുന്നെന്ന്' മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിതുമ്പുന്നു അവര്‍.
കരഞ്ഞ് കരഞ്ഞഅ കണ്ണുകളെല്ലാം വീര്‍ത്തിരിക്കുന്നു ആ ഉമ്മയുടെ. തനിക്ക് കരയാന്‍ കഴിയുന്നില്ലെന്ന് ആ ഉമ്മ തന്നെ പറയുന്നു. കണ്ണുനീര്‍ വറ്റിപ്പോയിരിക്കുന്നു അവര്‍ക്ക്.
2500 രൂപ വിലയിട്ടാണ് സുഹൈല്‍ മൂഫിയക്ക് കത്തയച്ചത്. മുത്തലാഖ് കിട്ടുന്നത് വരെ അവള്‍ പിടിച്ചുനിന്നു. പറഞ്ഞാല്‍ തീരാത്ത പീഡനമാണ് അവള്‍ അനുഭവിച്ചത് ഫാരിസ പറഞ്ഞു.
'പൊലിസ് സേനയില്‍ വേണ്ടത് സംരക്ഷണമാണ്. ജീവന്‍ എടുക്കാന്‍ കാലനായി നില്‍ക്കുന്ന ഒരാള്‍ സേനയില്‍ വേണ്ട. നീതി കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്റെ മോള്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയത്. ഒന്ന് അന്വേഷിക്കാമെന്ന് സി.ഐ പറഞ്ഞാല്‍ മതിയായിരുന്നു. ഇത്രയും ബോള്‍ഡായ പെണ്‍കുട്ടി തകരണമെങ്കില്‍ അവളെ സി.ഐ എത്രത്തോളം പ്രയാസപ്പെടുത്തിയിട്ടുണ്ടാവും. വേറെ നിവൃത്തിയില്ലാതെ എന്റെ മോള്‍ ചെയ്ത് പോയതാണ്. ഓരോ ആത്മഹത്യാ വാര്‍ത്തകളും കാണുമ്പോള്‍ എന്തിനാണവരിങ്ങനെ ചെയ്തതെന്ന് പറഞ്ഞിരുന്ന പെണ്‍കുട്ടിയാണ്. അവര്‍ക്ക് പോരാടാമായിരുന്നില്ലേ പിടിച്ചു നില്‍ക്കാമായിരുന്നില്ലേ എന്നും അവള്‍ ചോദിക്കാറുണ്ടായിരുന്നു. ഇങ്ങനെയെല്ലാം ചിന്തിച്ച ഒരു പെണ്‍കുട്ടി ജീവനൊടുക്കണമെങ്കില്‍ ആ സി.ഐ അവളെ എത്രമേല്‍ അപമാനിതയാക്കിയിട്ടുണ്ടാവും'- അവര്‍ ചോദിക്കുന്നു.
പൊലിസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തി മുറിയില്‍ കയറിയ വാതിലടച്ച മോഫിയ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പരാമര്‍ശമുണ്ട് 'ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാന്‍ എന്തുചെയ്താലും മാനസികപ്രശ്‌നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല്ല. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം..
എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. എന്നാല്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെത്തന്നെ ഉണ്ടാകും. അവനെ അത്രമേല്‍ സ്‌നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്? നിങ്ങളെ ഞാന്‍ സ്‌നേഹിക്കാന്‍ പാടില്ലായിരുന്നു' ഇതായിരുന്നു ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മൂഫിയയുടെ ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, സി.ഐക്കെതിരെ സ്ഥലം മാറ്റം മാത്രമാണ് ഇതുവരെയുണ്ടായ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."