ഗുരുഗ്രാമിൽ ജയ്ശ്രീറാം വിളികൾ അവഗണിച്ച് ജുമുഅ നിസ്കരിച്ച് വിശ്വാസികൾ
ന്യൂഡൽഹി
ഗുരുഗ്രാമിലെ സെക്ടർ 37ൽ സംഘ്പരിവാർ സംഘടനകളുടെ ഭീഷണിയും ജയ്ശ്രീറാം വിളികളും വകവയ്ക്കാതെ നിശ്ചയിച്ച സ്ഥലത്ത് ജുമുഅ നിസ്‌കാരം നിർവഹിച്ച് മുസ് ലിംകൾ. ഇന്നലെ ജുമുഅ തുടങ്ങുന്നതിന് മുമ്പ് തന്നെ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വലിയൊരു ആൾക്കൂട്ടം പ്രദേശത്തെത്തിയിരുന്നു.
തുടർന്ന് നിശ്ചയിച്ച സ്ഥലത്ത് ജുമുഅ നടത്തേണ്ടതില്ലെന്ന് മുസ് ലിംകൾ തീരുമാനിച്ചു. എന്നാൽ 25 ഓളം മുസ് ലിംകൾ ആക്രോശമുയർത്തിയ സംഘ്പരിവാർ സംഘത്തെ വകവയ്ക്കാതെ ജുമുഅ നിസ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനായി തയാറെടുക്കുകയും ചെയ്തു. ഇതോടെ കൂടുതൽ മുസ് ലിംകൾ അവർക്കൊപ്പം ചേരുകയും ജുമുഅ നിസ്കരിക്കുകയുമായിരുന്നു.
പ്രദേശത്ത് 150ലധികം പൊലിസുകാരുണ്ടായിരുന്നെങ്കിലും ഏതാനും പേർ മാത്രമാണ് നിസ്‌കാരത്തിന് സുരക്ഷ നൽകാൻ തയാറായത്. മറുവശത്ത് സംഘ്പരിവാർ സംഘടനകൾ ഭീഷണിയും ആക്രോശവും മുഴക്കുകയും ജയ്ശ്രീറാ വിളിക്കുകയും ചെയ്തിട്ടും ഖുത്വബയും നിസ്‌കാരവും തുടർന്നു. 20 മിനിറ്റോളമെടുത്ത് നിസ്‌കാരം പൂർത്തിയാക്കിയാണ് മുസ് ലിംകൾ പിരിഞ്ഞുപോയത്. ഇതോടെ സംഘ്പരിവാർ സംഘം നിസ്‌കാരസ്ഥലം കയ്യേറി.
നേരത്തെ സിഖ് ഗുരുദ്വാരയിൽ നിസ്‌കാരത്തിനായി സൗകര്യമൊരുക്കാമെന്ന് സിഖ് സംഘടന അറിയിച്ചിരുന്നെങ്കിലും ഇന്നലെയും ഗുരുദ്വാരയിൽ നിസ്‌കാരം നടന്നില്ല. മുസ് ലിം സംഘടകൾ ആവശ്യപ്പെടാത്തതിനെത്തുടർന്നാണ് നിസ്‌കാരത്തിനായി സൗകര്യമൊരുക്കാതിരുന്നതെന്ന് ഗുരുദ്വാര കമ്മിറ്റി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."