സി.പി.എം ജില്ലാ സമ്മേളനങ്ങളിൽ മൂക്കുകയറുമായി മുഖ്യമന്ത്രി എത്തും, വിഭാഗീയതയും സർക്കാർ വിമർശനവും തടയും
തിരുവനന്തപുരം
ഏരിയാ സമ്മേളനങ്ങൾ ഏറെക്കുറെ പൂർത്തിയായതോടെ സി.പി.എമ്മിൽ ഇനി ജില്ലാ സമ്മേളനങ്ങളുടെ കാലം. അടുത്ത മാസം 10 മുതലാണ് ജില്ലാ സമ്മേളനങ്ങൾ. ചില ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ വിഭാഗീയത സംഘർഷത്തിൽ കലാശിച്ചതിനാൽ ഏതു നിലയ്ക്കും ജില്ലാ സമ്മേളനങ്ങളിൽ അത്തരം പ്രവണത അനുവദിക്കരുതെന്ന് കഴിഞ്ഞദിവസം ചേർന്ന അവൈലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ധാരണയിലെത്തിയിട്ടുണ്ട്.
ഇതിനായി 14 ജില്ലാ സമ്മേളനങ്ങളിലും പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതോടെ സർക്കാർ വിരുദ്ധ വിമർശനങ്ങൾ കുറയ്ക്കാനാവുമെന്ന് യോഗം വിലയിരുത്തിയിട്ടുണ്ട്.
കൂടാതെ കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി, എസ്. രാമചന്ദ്രൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന, കേന്ദ്ര കമ്മിറ്റിയംഗങ്ങളെയും സെക്രട്ടേറിയറ്റംഗങ്ങളെയും ഉൾപ്പെടുത്തി സമ്മേളനം നിയന്ത്രിക്കാൻ സമിതികൾ രൂപീകരിച്ചിട്ടുമുണ്ട്. ജില്ലകളെ മൂന്നു മേഖലകളായി തിരിച്ച് ഈ സമിതികൾ ഓരോ മേഖലയ്ക്കും നേതൃത്വം നൽകും. വിഭാഗീയതയും മത്സരങ്ങളും നിയന്ത്രിക്കലാണ് സമിതികളുടെ ചുതമല.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുണ്ട്. തലസ്ഥാന ജില്ലയിലെ വർക്കലയിൽ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരുക്കേറ്റിരുന്നു. പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം വിഭാഗീയത മൂലം നീട്ടിവച്ചതും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഡിസംബർ പത്തിനാണ് ഉദ്ഘാടനം. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്നതിനാലാണ് അവിടെ ആദ്യം സമ്മേളനം നടത്തുന്നത്. ജനുവരി 14 മുതൽ കോട്ടയത്താണ് സംസ്ഥാന സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."