കൊവിഡ് ആഗോള ടൂറിസം മേഖലയ്ക്ക് നഷ്ടം രണ്ട് ലക്ഷം കോടി ഡോളർ
മാഡ്രിഡ്
കൊവിഡ് മഹാമാരി മൂലം ആഗോള വിനോദസഞ്ചാര മേഖലയ്ക്ക് ഈ വർഷം രണ്ടു ലക്ഷം കോടി ഡോളറിൻ്റെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് യു.എൻ ടൂറിസം സമിതി. ടൂറിസം രംഗത്തിന്റെ തിരിച്ചുവരവ് മന്ദഗതിയിലായിരിക്കുമെന്നും യു.എൻ ഡബ്ല്യു.ടി.ഒ പറയുന്നു.
യൂറോപ്പിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയും പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക ടൂറിസം സംഘടനയുടെ മുന്നറിയിപ്പ്.
കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് 2019ൽ ടൂറിസ്റ്റുകളുടെ വരവ് ആഗോളതലത്തിൽ 150 കോടി ആയിരുന്നത് 2020ലും ഈ വർഷവും 70-75 ശതമാനം കുറഞ്ഞു. സമീപകാലത്ത് സ്ഥിതി അൽപം മെച്ചപ്പെട്ടെങ്കിലും ഡെൽറ്റ-ഒമിക്രോൺ വകഭേദങ്ങൾ തിരിച്ചുവരവിനെ സാരമായി ബാധിക്കും. പല രാജ്യങ്ങളിലും പുതുതായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് പ്രവചനാതീതമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്- യു.എൻ ഡബ്ല്യു.ടി.ഒ മേധാവി സുറാബ് പൊലോലികശ് വിലി പറഞ്ഞു. ടൂറിസം മേഖല ചരിത്രത്തിലെ കടുത്ത പ്രതിസന്ധി നേരിടുകയാണെങ്കിലും അതിവേഗം തിരിച്ചുവരാനുള്ള ശേഷി ഈ മേഖലയ്ക്കുണ്ടെന്ന് മാഡ്രിഡിൽ നടക്കുന്ന യു.എൻ ഡബ്ല്യു.ടി.ഒ വാർഷിക പൊതുസഭ ചേരാനിരിക്കെ അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണം. എങ്ങനെ യാത്ര ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ടൂറിസ്റ്റുകൾ. ലോകത്തെ 46 പ്രധാന ടൂറിസം കേന്ദ്രങ്ങൾ ടൂറിസ്റ്റുകൾക്ക് പ്രവേശനമനുവദിക്കാതെ അതിർത്തികൾ അടച്ചിരിക്കുകയാണ്.
55 എണ്ണം ഭാഗികമായി അതിർത്തികൾ അടച്ചു. കൊളംബിയ, കോസ്റ്ററിക്ക, ഡൊമനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ എന്നിവ മാത്രമേ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചിട്ടുള്ളൂ എന്നും സുറാബ് പറഞ്ഞു. കൊവിഡിനു മുമ്പ് ലോകത്തെ ജി.ഡി.പിയുടെ 10 ശതമാനവും 10 ശതമാനം തൊഴിലുകളും ടൂറിസം മേഖലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."