വഖ്ഫ് നിയമനം മുസ്‌ലിം സംഘടനകൾ നിയമ പോരാട്ടത്തിലേക്ക്
കോഴിക്കോട്
വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ടതുൾപ്പെടെ സർക്കാരിന്റെ സമുദായ വിരുദ്ധ നിലപാടുകൾക്കെതിരെ മുസ് ലിം സംഘടനകൾ സംസ്ഥാന വ്യാപകമായി സംയുക്ത പ്രക്ഷോഭം നടത്തും.
ഇന്നലെ കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ് ലിം നേതൃസമിതി കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനം. വഖ്ഫ് നിമയന വിഷയത്തിനു പുറമെ സി.എ.എ, എൻ.ആർ.സി കേസുകൾ പിൻവലിക്കാത്തത്, സ്‌കോളർഷിപ്പ് അനുപാതം വെട്ടിച്ചുരുക്കിയത്, ന്യൂനപക്ഷ വകുപ്പും ധനകാര്യ കോർപറേഷനും മുസ് ലിം സമുദായത്തിൽ നിന്ന് എടുത്ത് മാറ്റിയതുൾപ്പെടെ വിഷയങ്ങളുയർത്തിയാണ് പ്രക്ഷോഭം നടത്തുക.
വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. ഇക്കാര്യങ്ങൾ അഡ്വ.വി.കെ ബീരാന്റെ നേതൃത്വത്തിൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.
പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച എല്ലാ പള്ളികളിലും ബോധവത്കരിണം നടത്തും. ഡിസംബർ ആറിന് തിങ്കളാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ് ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികളും സംഘടിപ്പിക്കും.
തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ് ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ ബഹുജന സമ്മേളനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി (ഇൻ ചാർജ്ജ്) പി.എം.എ സലാം, സമസ്ത മുശാവറ അംഗം ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ് വി, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), ബി.പി.എ ഗഫൂർ (മർകസുദ്ദഅ്‌വ), കെ.സജ്ജാദ് (വിസ്ഡം), ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ് ലാമി), എഞ്ചി.പി മമ്മദ്‌കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ദീൻ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), എം.അഖ്‌നിസ് (മെക്ക), കമാൽ എം. മാക്കിയിൽ (കേരള മുസ് ലിം ജമാഅത്ത് കൗൺസിൽ), കെ.പി മഹ്ബൂബ് ശരീഫ് (റാവുത്തർ ഫെഡറേഷൻ), അഡ്വ.വി.കെ ബീരാൻ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."