ഐ.എം.എഫ് തലപ്പത്ത് മലയാളത്തിളക്കം; ഗീതഗോപിനാഥ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍
വാഷിങ്ടണ്‍: മുഖ്യ സാമ്പത്തിക ഉപദേശകയായ ഗീത ഗോപിനാഥിനെ പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) തീരുമാനം. നിലവിലെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജെഫ്രി ഒകാമോട്ടോ അടുത്ത വര്‍ഷം സേവനം അവസാനിപ്പിക്കുന്ന ഒഴിവിലേക്കാണ് ഗീത ഗോപിനാഥിന്റെ നിയമനമെന്ന് ഐ.എം.എഫ് അറിയിച്ചു.
ജനുവരിയില്‍ ഗീത ഗോപിനാഥ് മുഖ്യ സാമ്പത്തിക ഉപദേശക സ്ഥാനമൊഴിയുമെന്ന് ഐ.എം.എഫ് കഴിഞ്ഞ ഒക്ടോബര്‍ 20ന് അറിയിച്ചിരുന്നു. മൂന്നു വര്‍ഷം സേവനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഐ.എം.എഫ് ഇക്കാര്യം അറിയിച്ചത്. 2018 ഒക്ടോബറിലാണ് 49കാരിയും മലയാളിയുമായ ഗീത ഗോപിനാഥിനെ ഐ.എം.എഫ് മുഖ്യ സാമ്പത്തിക ഉപദേശകയായി നിയമിച്ചത്. മൗരി ഓബ്‌സ്റ്റ് ഫീല്‍ഡിന്റെ പിന്‍ഗാമിയായിരുന്നു നിയമനം.
മാതൃസ്ഥാപനമായ ഹാര്‍വഡ് യൂനിവേഴ്‌സിറ്റിയിലേക്ക് ഗീത മടങ്ങുമെന്നാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
ഹാര്‍വഡ് യൂനിവേഴ്‌സിറ്റിയുടെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം പ്രഫസറായ ഗീത ഗോപിനാഥ്, കേന്ദ്ര ധനമന്ത്രാലയത്തില്‍ ജി20 രാജ്യ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാര്‍വഡില്‍ ചേരുന്നതിനു മുമ്പ് ചിക്കാഗോ യൂനിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു.
2018ല്‍ അമേരിക്കന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് അക്കാദമി ഫെലോ ആയി. നാഷനല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചില്‍ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, സാമ്പത്തിക നയങ്ങള്‍, സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."