കൊവിഡ് മൂലം ചികിത്സ മുടങ്ങി മലേറിയ മരണത്തിൽ ആഫ്രിക്ക വിറയ്ക്കുന്നു, കൂടുതലും കുട്ടികൾ മരണനിരക്ക് 12 ശതമാനം വർധിച്ചു
ഡാക (സെനഗൽ)
കൊവിഡ് മഹാമാരിയുടെ വ്യാപനത്തോടെ ആരോഗ്യമേഖലയിലുണ്ടായ തടസങ്ങൾ മലേറിയ മരണം ഗണ്യമായി വർധിക്കാൻ ഇടയാക്കിയതായി ലോകാരോഗ്യ സംഘടന. കൊവിഡ് സാഹചര്യം മൂലം 2020ൽ മുൻ വർഷത്തേക്കാൾ 69,000 പേരാണ് കൂടുതലായി മരിച്ചത്. 2019ൽ മലേറിയ മൂലം 5,58,000 പേർ മരിച്ചപ്പോൾ 2020ൽ ഇത് 6,27,000 ആയി. കൊവിഡ് മൂലം ആഫ്രിക്കയിൽ ഇതുവരെ മരിച്ചത് 2,24,000 പേരാണ്. ഇതിനെ കവച്ചുവയ്ക്കുന്ന ജീവനാശമാണ് മലേറിയ സൃഷ്ടിച്ചത്.
കഴിഞ്ഞ വർഷം കൂടുതലായുണ്ടായ മലേറിയ മരണങ്ങളിൽ മൂന്നിൽ രണ്ടും കൊവിഡ് നിയന്ത്രണങ്ങൾ മൂലം മലേറിയ പരിശോധനയും ചികിത്സയും തടസപ്പെട്ടതിനാലാണെന്ന് ഡബ്ല്യു.എച്ച്.ഒ വാർഷിക റിപ്പോർട്ടിൽ പറയുന്നു.എന്നാൽ വെല്ലുവിളികൾ മറികടന്ന് ആരോഗ്യരംഗത്തെ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾ മരണം ഇരട്ടിയാകുന്നത് തടഞ്ഞു. നേരത്തെ ഡബ്ല്യു.എച്ച്.ഒ ഈയൊരു സാധ്യതയെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ ആഫ്രിക്കൻ മേഖലയിൽ മരണനിരക്ക് 2019ലേതിനേക്കാൾ 12 ശതമാനം വർധിച്ചു. കൂടുതൽ മലേറിയ മരണം ഉണ്ടാകാതിരിക്കാൻ പരിശ്രമിച്ചവർക്ക് നന്ദിയറിയിക്കുന്നതായും ലോകാരോഗ്യ സംഘടന ആഗോള മലേറിയ പദ്ധതി ഡയരക്ടർ പെഡ്രോ അലോൺസോ പറഞ്ഞു.
ബ്രിട്ടനിലെ ജി.എസ്.കെ കമ്പനി വികസിപ്പിച്ച മോസ്‌ക്വിറിക്‌സ് വാക്‌സിൻ മലേറിയക്കെതിരേ ഉപയോഗിക്കാൻ ഡബ്ല്യു.എച്ച്.ഒ അനുമതി നൽകിയിട്ടുണ്ട്. ഇത് ആഫ്രിക്കയിലെ കുട്ടികൾക്ക് വ്യാപകമായി നൽകുന്നതോടെ മലേറിയമരണം നിയന്ത്രിക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.
കൂടുതൽ തുക ഇതിനായി മാറ്റിവച്ചും ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കിയും കൊതുകുകടിയേൽക്കാതിരിക്കാനുള്ള പുതിയ മാർഗങ്ങൾ വികസിപ്പിച്ചും മലേറിയയെ തുടച്ചുനീക്കണമെന്ന് മലേറിയ വിരുദ്ധ പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ അബ്ദുറഹിമാൻ ദിയാലോ ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങൾ മലേറിയ വിരുദ്ധ പോരാട്ടത്തിന് കൂടുതൽ തുക അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."