'അനുകമ്പ' കൊണ്ടുനടന്ന ഒരാൾ
വി.ആർ അനൂപ്
അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന് സമാനതകളില്ലാത്ത സ്‌നേഹപ്രകടനമാണ് സ്വന്തം നാടും സുഹൃത്തുക്കളും നൽകിയത്. ഒരുപക്ഷേ, ഇതുപോലെ, ഇതിന് മുൻപ്, ഇത്രയും വൈകാരിക രംഗങ്ങൾ മലയോര മേഖലയിൽ ഉണ്ടായത് പി.ടി ചാക്കോ മരിച്ചപ്പോഴായിരുന്നു. പി.ടി ചാക്കോ അന്ന് കോൺഗ്രസിലെ പ്രബല ഗ്രൂപ്പിന്റെ പരമോന്നത നേതാവായിരുന്നു. അതിനേക്കാളൊക്കെ ഉപരിയായി അദ്ദേഹം രാഷ്ട്രീയത്തിൽ സ്വന്തം സമുദായ നേതൃത്വത്തിന്റെ പ്രതിപുരുഷനായിരുന്നു. അതേസമയം, പി.ടി തോമാസിന് നിർണായക സന്ദർഭത്തിൽ സ്വന്തം പാർട്ടിയിലെ ഒരു ഗ്രൂപ്പിൻ്റെയും പിന്തുണയുണ്ടായിരുന്നില്ല. സ്വന്തം സമുദായ നേതൃത്വമാകട്ടെ എല്ലാകാലത്തും അദ്ദേഹത്തിന് എതിരായിരുന്നു. സത്യത്തിനും സ്വന്തം മനസ്സാക്ഷിക്കും എതിരായ എന്തിനെയും അത് ആരുടെ ഭാഗത്ത് നിന്നായാലും എതിർക്കാനുള്ള ധാർമിക ധീരത എപ്പോഴും സൂക്ഷിച്ചിരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു 'നാർക്കോട്ടിക് ജിഹാദ്' എന്ന പേരിൽ നമ്മുടെ മതേതര പരിസരത്തെ മലീമസമാക്കാൻ ചില സംഘടിത ശക്തികൾ നടത്തിയ ആസൂത്രിത പരിശ്രമങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി.
പാലാ ബിഷപ്പ് നടത്തിയ പരാമാർശത്തിനെതിരേ പി.ടി തോമസ് ഫേസ്ബുക്കിൽ തുറന്നെഴുതി; 'പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റേതായി പുറത്തുവന്ന വാർത്ത സമുദായ സൗഹാർദം വളർത്താൻ ഉപകരിക്കുന്നതല്ല.സാമ്പത്തികലാഭവും വ്യക്തികളുടെ സ്വാർഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി, മത അടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടകരമാണ്. എന്നും മതസൗഹാർദം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്'. ഒരു സമുദായത്തെ സമ്പൂർണമായി ക്രിമിനൽവൽക്കരിക്കാൻ ശ്രമിച്ചവർക്കെതിരേയുള്ള ശക്തമായ താക്കീതായി മാറി അന്ന് അദ്ദേഹത്തിന്റെ ആ വാക്കുകൾ. ഇത്തരം സന്ദർഭങ്ങളിൽ പേരെടുത്ത് വിമർശിക്കേണ്ടവരെ അങ്ങനെ വിമർശിക്കാൻ പേടി കാണിച്ചിട്ടില്ല പി.ടി, ഒരുകാലത്തും.
പ്രതികരിക്കേണ്ട പലരും പ്രതികരിക്കാതിരുന്നപ്പോൾ തന്നെയായിരുന്നു പി.ടിയുടെ ധീരമായ തുറന്നെഴുത്ത് എന്ന് കൂടി ഓർക്കേണ്ടതുണ്ട്. അവിടെയും ഇവിടെയും തൊടാതെയുള്ള അഴകൊഴമ്പൻ അനുനയത്തിന്റെ ഭാഷ അദ്ദേഹത്തിന് അന്യമായിരുന്നു. അതിനുള്ള വില പലപ്പോഴായി പി.ടി കൊടുത്തുതീർത്തു. അതിൽ ആദ്യത്തേത് അദ്ദേഹം കെ.എസ്.യു പ്രസിഡൻ്റായിരുന്നപ്പോഴായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്‌ലവർ ഹോസ്പിറ്റലിൽ സ്വാശ്രയ കോഴ്‌സ് അനുവദിച്ചതിനെതിരേയുള്ള അന്നത്തെ കെ. കരുണാകരൻ സർക്കാരിനെതിരേ നടത്തിയ സമരപ്രഖ്യാപനത്തെ തുടർന്നുള്ള ആശയസമരങ്ങൾ അവസാനിച്ചത് പി.ടി തോമസിനെ കെ.എസ്.യു പ്രസിഡൻ്റിൻ്റെ കസേരയിൽനിന്ന് തെറിപ്പിക്കുന്നതിലേക്കാണ്. ഗാഡ്ഗിൽ റിപ്പോർട്ടിൽ സ്വന്തം പാർട്ടി നിലപാട് നടപ്പിലാക്കാൻ നടത്തിയ പോരാട്ടമാണ് പാർലമെന്റ് സ്ഥാനാർഥിത്വം നഷ്ടപ്പെടുത്തിയത്. അത്തരം സ്ഥാനനഷ്ടങ്ങളെ അദ്ദേഹം നിസാരമായാണ് കണ്ടത്. ചരിത്രം തന്റെ നിലപാടുകളെ ശരിയായി തന്നെ സ്ഥാനപ്പെടുത്തുമെന്ന പ്രത്യാശയായിരുന്നു ആ ആത്മവിശ്വാസത്തിന്റെ കാതൽ. അത് ഉള്ളിലുള്ളതിനാലായിരിക്കണം ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സമയത്തുണ്ടായ വ്യക്തിപരമായ ആക്രമണങ്ങളെപ്പോലും അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. അതുവരെ ഒരു രാഷ്ട്രീയനേതാവും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയുടേതായിരുന്നു ആ നാളുകൾ. പലയിടത്തും പി.ടി തോമസിന്റെ പ്രതീകാത്മക ശവമഞ്ചം വഹിച്ചിട്ടുള്ള വിലാപയാത്രകൾ സംഘടിപ്പിക്കപ്പെട്ടു. പുരോഹിതൻമാരുടെ നേതൃത്വത്തിൽ തന്നെ മൃതശരീരത്തിൽ ചാട്ടവാറുകൊണ്ട് അടിക്കുന്ന പ്രകടനങ്ങളുമുണ്ടായി. അത്തരം പ്രകോപനങ്ങൾക്ക് മുന്നിൽ തലകുനിക്കാതിരുന്നപ്പോഴും സ്വയം പ്രകോപിതനാകാതിരിക്കാനുള്ള അനിതരസാധാരണമായ സംയമനവും അദ്ദേഹം പ്രകടപ്പിച്ചു.
മതപുരോഹിതൻമാരെ അദ്ദേഹം ഓർമിപ്പിച്ചത് മാർപാപ്പ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് എഴുതിയ ചാക്രിക ലേഖനങ്ങളാണ്. പരിസ്ഥിതിയെ ദ്രോഹിക്കുന്നത് കുമ്പസരിക്കേണ്ട കുറ്റമാണെന്ന മാർപാപ്പയുടെ നിലപാടാണ് താൻ ഉയർത്തിപിടിക്കുന്നതെന്ന് അദ്ദേഹം നിരന്തരം പുരോഹിതൻമാരോടും വിശ്വാസികളോടും ആവർത്തിച്ചു. എതിർക്കുന്നവരോടും സദാ സംവാദ സന്നദ്ധത പ്രദർശിപ്പിച്ചു. എന്നാൽ അപ്പോൾ അദ്ദേഹത്തിന് ചെവികൊടുക്കാതിരുന്നവർ കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിൽ അതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നതും നമ്മൾ കണ്ടു. അങ്ങനെ സ്വന്തം വിശ്വാസപ്രമാണങ്ങൾക്ക് സാധുത ലഭിച്ച് തുടങ്ങുന്ന ഘട്ടത്തിൽ തന്നെയാണ് ആർക്കും തടയാൻ കഴിയാത്ത ഈ പിൻമടക്കം.
പി.ടിയുടെ വേർപാട് പോലെ തന്നെ പരാമർശിക്കപ്പെടേണ്ടതാണ് വേർപ്പെട്ട് പോകുന്ന കാലവും. ഭക്ഷണത്തിലും പ്രണയത്തിലും മനുഷ്യന്റെ സകല വിനിമയങ്ങളിലും വർഗീയതയുടെ മായം കലർത്താൻ (ലൗ ജിഹാദ്, ഹലാൽ പ്രചാരണങ്ങൾ) നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്ന ഘട്ടത്തിൽ തന്നെയാണ് അതിനെതിരേ പൊതുജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും പ്രതിരോധം തീർത്ത അദ്ദേഹത്തിൻ്റെ പിൻവാങ്ങൽ. വ്യക്തി ജീവിതത്തിൽ അവസാനം വരെ അദ്ദേഹം ആദർശനിഷ്ഠയുള്ള നിരീശ്വരവാദിയായിരുന്നു. അതേസമയം, അദ്ദേഹം ഒരിക്കലും വിശ്വാസികളോടും പ്രത്യേകിച്ച് ചില വിശ്വാസങ്ങളോട് വംശീയമായ മുൻവിധികൾ വെച്ചുപുലർത്തിയ നിരീശ്വരവാദികളിൽ പെടില്ലായെന്ന് നമുക്ക് നിശ്ചയമായും ഉറപ്പിച്ച് പറയാൻ കഴിയും. സഹോദരൻ അയ്യപ്പൻ നിരീശ്വരവാദിയല്ലേ എന്ന് ചോദിച്ചവരോട്, നാരായണ ഗുരു പറഞ്ഞത് 'സഹോദരന്റെ പ്രവൃത്തിയിൽ ദൈവമുണ്ട്' എന്നായിരുന്നല്ലോ. പി.ടി തോമാസിന്റെ പ്രവൃത്തിയിലായിരുന്നു ദൈവം. അതിനോട് ചേർത്തുവായിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നു, ശ്രീനാരായണ കൃതികൾ മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ പി.ടി തോമസ് നടത്തിയ പരിശ്രമങ്ങൾ. ഒരുപക്ഷേ, ആ 'അനുകമ്പ' തന്നെയായിരിക്കണം അദ്ദേഹം രാഷ്ട്രീയത്തിലും പരിഭാഷപ്പെടുത്തി അവസാനം വരെ കൊണ്ടുനടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."