ഓൺലൈൻ റിസർവേഷൻ നിരക്ക് 10 രൂപയായി കുറച്ചു ; പുതുവത്സര സമ്മാനവുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
യാത്രക്കാർക്ക് പുതുവത്സര സമ്മാനവുമായി കെ.എസ്.ആർ.ടി.സി. ഓൺലൈൻ റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചു. ടിക്കറ്റിൻ്റെ കാൻസലേഷൻ നിരക്കിനും മാറ്റംവരുത്തിയിട്ടുണ്ട്.
യാത്ര തുടങ്ങാൻ കുറഞ്ഞത് 72 മണിക്കൂറെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനും 48 മണിക്കൂറിനുമിടയിലാണ് കാൻസൽ ചെയ്യുന്നതെങ്കിൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഈടാക്കും. 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിൽ 25 ശതമാനവും 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ 40 ശതമാനവും 12 മണിക്കൂറിനും രണ്ട് മണിക്കൂറിനും ഇടയിൽ കാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും നൽകിയിൽ മതിയാകും.
ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ കാൻസലേഷൻ നൽകില്ല. കെ.എസ്.ആർ.ടി.സിയുടെ ഫ്രാഞ്ചൈസിയോ കൗണ്ടറോ വഴി റിസർവ് ചെയ്യുന്ന ടിക്കറ്റുകളിൽ യാത്രക്കാർക്ക് യാത്രാ തീയതി ചില നിബന്ധനകൾക്ക് വിധേയമായി മുന്നോട്ടോ പിന്നോട്ടോ മാറ്റിനൽകും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘദൂര യാത്രക്കാരന് തൻ്റെ യാത്ര അപ്പോൾ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൾ ചെയ്യാനും സാധിക്കും. നാലുപേരിൽ കൂടുതൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിൻ്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. മടക്ക യാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിൻ്റെ പത്ത് ശതമാനം ഇളവും അനുവദിക്കും. അന്തർസംസ്ഥാന സർവിസിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷൻ പോയന്റിൽ എത്തിച്ചേരുന്നതിന് കെ.എസ്.ആർ.ടി.സിയുടെ എല്ലാ സർവിസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിനുവേണ്ടി യാത്രാരേഖയും ഐ.ഡി കാർഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ 30 കിലോമീറ്റർ വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."