വിജയക്കൊടി നാട്ടി ഇന്ത്യ സെഞ്ചൂറിയനില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ച് ഇന്ത്യ. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 113 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതാദ്യമായിട്ടാണ് സെഞ്ചൂറിയനില്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ വിജയിക്കുന്നത്. സെഞ്ചൂറിയനില്‍ ഒരു ടെസ്റ്റ് വിജയിച്ച ആദ്യത്തെ ഏഷ്യന്‍ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമായി.
ഇന്ത്യ നല്‍കിയ 305 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്കക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സെഞ്ചൂറിയനിലെ ഗ്രൗണ്ടില്‍ ഒരു ടീമും ഇത്രയുമുയര്‍ന്ന റണ്‍സ് ചേസ് ചെയ്തു വിജയിച്ചിട്ടുമില്ല. ദക്ഷിണാഫ്രിക്കയുടെ മറുപടി 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഏഴു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ച് രണ്ടോവറില്‍ തന്നെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റനും ഓപ്പണറുമായ ഡീന്‍ എല്‍ഗറിനൊഴികെ ആര്‍ക്കും ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
77 റണ്‍സാണ് ഡീന്‍ നേടിയത്. 156 ബോളില്‍ 12 ബൗണ്ടറികളടക്കമാണ് എല്‍ഗര്‍ ടീമിന്റെ അമരക്കാരനായത്. പുറത്താവാതെ 35 റണ്‍സെടുത്ത ടെംബ ബവുമയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 80 ബോളില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ക്വിന്റണ്‍ ഡികോക്ക് 21 റണ്‍സിനു പുറത്തായി. മറ്റാരും 20 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്.
മുഹമ്മദ് സിറാജും ആര്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതം നേടി ഇരുവര്‍ക്കും മിക്ച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത ഷമി ഇതോടെ രണ്ടിന്നിങ്‌സിലായി എട്ടു വിക്കറ്റുള്‍ സ്വന്തമാക്കി.
നാലു വിക്കറ്റിനു 94 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 103 റണ്‍സ് നേടുമ്പോഴേക്കും ശേഷിച്ച ആറു വിക്കറ്റുകളും പിഴുത് ഇന്ത്യ അവിസ്മരണീയ വിജയം കൈക്കലാക്കുകയായിരുന്നു.
ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 10നു മുന്നിലെത്തുകയും ചെയ്തു. നേരത്തേ 130 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കു സാധിച്ചില്ല.
രണ്ടാമിന്നിങ്‌സില്‍ വെറും 174 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. എങ്കിലും ആദ്യ ഇന്നിങ്‌സിലെ മികച്ച ലീഡ് സൗത്താഫ്രിക്കയ്ക്കു 305 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കാന്‍ ഇന്ത്യയെ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."