സംസ്ഥാനത്ത് പോളിങിനിടെ ആറ് മരണം; മരിച്ചവരില്‍ ബൂത്ത് ഏജന്റും
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി പോളിങിനിടെ ഏഴ് മരണം. മരിച്ചവരില്‍ ബൂത്ത് ഏജന്റും. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന ബൂത്ത് ഏജന്റ് ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.
മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.
പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാന്‍ ബൈക്കില്‍ പോയ ആള്‍ വാഹനമിടിച്ച് മരിച്ചതാണ് രണ്ടാമത്തെ സംഭവം. ബിഎം സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കില്‍നിന്നു വീഴുകയായിരുന്നു.
ആലപ്പുഴ കാക്കാഴം എസ്എന്‍ വി ടിടിഐ സ്‌ക്കൂളില്‍ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജന്‍ (82) ആണ് കുഴഞ്ഞു വീണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."