ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; പി.സി.സി പ്രസിഡന്റ് അരവിന്ദ് സിങ് ലവ്ലി രാജിവച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ അരവിന്ദ് സിങ് ലവ് ലി പദവിയില്‍ നിന്ന് രാജിവച്ചു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യതീരുമാനമടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറി.
ഡല്‍ഹിയ്ക്ക് അപരിചിതരായ സ്ഥാനാര്‍ഥികളെ കൊണ്ടുവന്നതിലും അദ്ദേഹം അതൃപ്തനായിരുന്നു. കനയ്യ കുമാര്‍ മത്സരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലേയും ബി.ജെ.പി. വിട്ടെത്തിയ ഉദിത് രാജ് മത്സരിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലേയും സ്ഥാനാര്‍ഥികള്‍ തീര്‍ത്തും അപരിചിതരാണെന്ന് ലവ് ലി കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യത്തെ സംരക്ഷിക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തിയതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു.
'കോണ്‍ഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുഷിച്ചതുമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ രൂപീകരിച്ച ഒരു പാര്‍ട്ടിയുമായി (എഎപി) സഖ്യത്തിന് ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റ് എതിരായിരുന്നു. എന്നിട്ടും, ഡല്‍ഹിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. - അദ്ദേഹം രാജികത്തില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അരവിന്ദര്‍ സിംഗ് ലവ്ലിയെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."