പരസ്യങ്ങള്‍ അതിരുവിടുന്നതായി ആക്ഷേപം; വിദ്യാലയങ്ങളില്‍ പ്രവേശന മേളകളുടെ ബഹളം
കരുവാരകുണ്ട്(മലപ്പുറം): പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനിയും ഒരുമാസമിരിക്കേ വിദ്യാലയങ്ങളില്‍ പ്രവേശന മേളകളുടെ ബഹളം. ജൂണില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോഴേക്കും പ്രീ പ്രൈമറി, 1, 5, 8 തുടങ്ങിയ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ തിരക്കാണെങ്ങും. പ്രവേശന മേളകള്‍ ഒരുക്കിയാണ് വിദ്യാലയ അധികൃതര്‍ കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നത്. പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് വിവിധ സമ്മാനങ്ങളും പല വിദ്യാലയങ്ങളുടെ വകയായി ഉണ്ട്.
വിവിധതരത്തിലുള്ള പരസ്യങ്ങളും സ്‌കൂളുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവയില്‍ ചില പരസ്യങ്ങള്‍ അതിരുവിടുന്നതായും ആക്ഷേപമുണ്ട്. വിദ്യാലയത്തിലേക്ക് സൗജന്യ ബസ് യാത്ര, സൗജന്യ യൂനിഫോം, പുസ്തകം, കുട മുതലായവ വാഗ്ദാനം ചെയ്യുന്നതിനൊപ്പം സ്ഥാപനത്തിന്റെ ഭൗതിക അന്തരീക്ഷങ്ങള്‍ വിവരിച്ചാണ് മിക്ക പരസ്യങ്ങളും. വിദ്യാലയത്തില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഭൗതിക സൗകര്യങ്ങള്‍ എടുത്തു പറഞ്ഞാണ് പല സ്‌കൂളുകളും പരസ്യ നോട്ടിസുകള്‍ തയാറാക്കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, കളിസ്ഥലം, കുട്ടികള്‍ക്കുള്ള പാര്‍ക്കുകള്‍, കുടിവെള്ള സൗകര്യം, തുടങ്ങിയവയെല്ലാം നോട്ടിസുകളില്‍ വിവരിക്കുന്നുണ്ട്. സിനിമകളിലെ സംഭാഷണങ്ങള്‍ അടര്‍ത്തിയെടുത്ത് ചില വിദ്യാലയങ്ങള്‍ പരസ്യങ്ങള്‍ ഒന്നുകൂടി കൊഴുപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതി വിദ്യാഭ്യാസമേഖലയെ തരംതാഴ്ത്തുന്ന പ്രക്രിയയാണെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.
എന്നാല്‍ മികച്ച പഠനാന്തരീക്ഷവും പഠനപ്രക്രിയകളും നടക്കുന്ന വിദ്യാലയങ്ങള്‍ ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിലെ ചില എയ്ഡഡ് വിദ്യാലയങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ യാതൊരുവിധ പരസ്യങ്ങളും നല്‍കാറില്ല. ഇത്തരം വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം കിട്ടുമോ എന്ന ആശങ്കയും രക്ഷിതാക്കള്‍ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്. പ്രവേശനത്തിന് പ്രത്യേക മേളകളും ഇവര്‍ ഒരുക്കുന്നില്ല.
എയ്ഡഡ് വിദ്യാലയമായിട്ടും അധ്യാപക നിയമനങ്ങള്‍ക്ക് കോഴ വാങ്ങിക്കാത്ത ഇത്തരം ചില സ്ഥാപനങ്ങളാണ് പഠനപ്രക്രിയയില്‍ കണിശത കാണിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളും പരസ്യങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ ചില സ്വകാര്യ വിദ്യാലയങ്ങളിലും ഈ അധ്യയന വര്‍ഷം പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. അധ്യാപനം നിലവാരമുള്ളതാക്കിയാല്‍ പരസ്യങ്ങളുടെയോ പ്രചരണങ്ങളുടെയോ ആവശ്യമില്ലാതെ തന്നെ രക്ഷിതാക്കള്‍ കുട്ടികളെ മികച്ച വിദ്യാലയങ്ങളില്‍ എത്തിക്കുമെന്നു തന്നെയാണ് അധ്യാപകരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."