ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ ജെ.ഡി.എസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
ബെംഗളൂരു: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്താണ് പ്രജ്വലിനെ ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഹുബ്ബളളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വടക്കന്‍ കര്‍ണാടക മേഖലയിലെ സിറ്റിങ് സീറ്റുകളില്‍ പ്രചാരണം ചൂടുപിടിച്ചതിനിടെ സഖ്യ നേതാക്കള്‍ക്കെതിരായ പീഡന കേസും ലൈംഗിക ദൃശ്യങ്ങളടങ്ങിയ വിഡിയോ പുറത്തായതും ബി.ജെ.പിയെ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരേ മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി-ജെ.ഡി.എസ് നേതാക്കള്‍.
നിരവധി സ്ത്രീകള്‍ക്കൊപ്പമുള്ള അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായ പ്രചരിപ്പിക്കപ്പെടുകയും ചില സ്ത്രീകള്‍ തങ്ങളെ രേവണ്ണയും പ്രജ്വലും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതിപ്പെടുകയും ചെയ്തതോടെയാണ് പൊലിസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
വീട്ടുജോലിക്കാരായ സ്ത്രീകളുടെ പരാതിയിലാണ് രേവണ്ണയ്ക്കും പ്രജ്വല്‍ രേവണ്ണയ്ക്കുമെതിരെ കേസെടുത്തത്. രേവണ്ണയുടെ ഭാര്യയുടെ ബന്ധുകൂടിയായ സ്ത്രീയാണ് പൊലിസില്‍ പരാതി നല്‍കിയ ഒരാള്‍. വീട്ടുജോലിക്കാരിയായിരുന്ന അവരെ രേവണ്ണ പീഡിപ്പിച്ചതായും പ്രജ്വല്‍ രേവണ്ണ തന്റെ മകളുടെ നഗ്‌ന വിഡിയോ ചിത്രീകരിച്ചതായുമാണ് നാല്‍പത്തിയെട്ടുകാരിയായ ഇവരുടെ പരാതി.
പ്രജ്വല്‍ രേവണ്ണ സ്വയം ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങള്‍ അബദ്ധത്തില്‍ ചേര്‍ന്നതാണെന്നാണ് പൊലിസ് കരുതുന്നത്. എം.പിയുടെ പേരില്‍ വ്യാജ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയുടെ സെക്രട്ടറി ഹാസന്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ഥ വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ പരാതി നല്‍കിയതെന്നാണ് പൊലിസ് സംശയിക്കുന്നത്.
അതേസമയം പീഡന പരാതിയിലും അശ്ലീല വിഡിയോ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവുകളെ കുറിച്ചും കര്‍ണാടക പൊലിസിലെ പ്രത്യേക സംഘം അന്വേഷണം പ്രഖ്യാപിച്ചതിനുപിന്നാലെ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടു. പൊലിസ് കേസെടുക്കുമെന്ന വിവരം ലഭിച്ചതിനു പിന്നാലെ ശനിയാഴ്ചയാണ് പ്രജ്വല്‍ രേവണ്ണ ഫ്രാന്‍ക്‌ഫ്രേര്‍ട്ടിലേക്ക് പറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."