'ഫലസ്തീന്‍ മരിക്കുമ്പോള്‍ മനുഷ്യത്വം മരിക്കുകയാണ്' ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് കൊളംബിയ
ബൊഗോട്ട: ഗസ്സയില്‍ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്‌റാഈലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിലാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രഖ്യാപനം. വംശഹത്യാ സര്‍ക്കാറെന്നാണ് നെതന്യാഹു ഭരണകൂടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
'ഇസ്‌റാഈലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറും ഒരു പ്രസിഡന്റുമാണ് ഇസ്‌റാഈലിലേത്' തലസ്ഥാനമായ ബോഗോട്ടയില്‍ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു.
ഗസ്സയിലെ അതിക്രമത്തിന് മുന്നില്‍ ലോകരാജ്യങ്ങള്‍ നിഷ്‌ക്രിയരായി നില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ നിഷ്‌ക്രിയത്വത്തിന് മുന്നില്‍ ഒരു ജനത പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാകരുത് - അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ മരിച്ചാല്‍ ലോകത്തെ മനുഷ്യത്വം മരിക്കും. അദ്ദേഹം ആവര്‍ത്തിച്ചു.
ഇടതുപക്ഷക്കാരനായ പെട്രോ 2022ലാണ് കൊളംബിയയുടെ പ്രസിഡന്റായത്. തെക്കേ അമേരിക്കയില്‍ ഇസ്‌റാഈലിന്റെ പ്രധാന വിമര്‍ശകരിലൊരാളാണ് പെട്രോ.
ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് 'ജൂതരിലെ നാസികളുടെ' ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗസ്സ അധിനിവേശത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ ഗുസ്താവോ പെട്രോ വിമര്‍ശിച്ചിരുന്നു. ഗസ്സയില്‍ മനുഷ്യമൃഗങ്ങള്‍ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്ന ഗാല്ലന്റിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കൊളംബിയയുടെ വിമര്‍ശനം. ഇതിന് പിന്നാലെ കൊളംബിയയിലേക്കുള്ള സുരക്ഷാ ഉപകരങ്ങളുടെ കയറ്റുമതി നിര്‍ത്തിവെക്കുകയാണെന്ന് ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിരുന്നു.
ഇസ്‌റാഈല്‍ ഗസ്സയില്‍ വംശഹത്യയാണ് നടത്തുന്നതെന്ന് ആക്രമണം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ ഗുസ്താവോ പെട്രോ വിമര്‍ശിച്ചിരുന്നു. ഫെബ്രുവരിയില്‍ ഗസ്സയില്‍ ഭക്ഷണത്തിനായി വരിനിന്നവരുടെ നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണം നാസികളുടെ കൂട്ടക്കൊലയെ ഓര്‍മിപ്പിക്കുന്നതാണെന്ന് പെട്രോ വിമര്‍ശിച്ചു. ഇതിന് പിന്നാലെ ഇസ്‌റാഈലില്‍ നിന്നുള്ള ആയുധം വാങ്ങലും കൊളംബിയ നിര്‍ത്തിവെച്ചു.
ഗസ്സയിലെ റഫയില്‍ ഇസ്‌റാഈല്‍ ക്രൂരമായ കരയാക്രമണത്തിന് ഒരുങ്ങുന്നതിനിടെയാണ് കൊളംബിയന്‍ പ്രസിഡന്റ് നയതന്ത്രബന്ധം മുറിച്ചിരിക്കുന്നത്. ഗസ്സയില്‍ മാസങ്ങളായി തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തില്‍ 34,500ലേറെ പേരാണ് കൊല്ലപ്പെട്ടത്.
BREAKING| President of Colombia, Gustavo Petro, announces that starting from tomorrow, May 2, Colombia will break relations with Israel. pic.twitter.com/x6HlynFblv
— Quds News Network (@QudsNen) May 1, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."