അമേത്തിയിലും റായ്ബറേലിയിലും ആര് ഇന്നറിയാം
ന്യൂഡല്‍ഹി: യു.പിയിലെ അമേത്തി, റായ്ബറേലി ലോക്‌സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ആര് മത്സരിക്കുമെന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ക്ക് ഇന്ന് അവസാനമാകും. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയെന്നതിനാല്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. മേയ് 20ന് അഞ്ചാംഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.
മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്നും, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്നും മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, 2019ല്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും മത്സരിക്കുമോയെന്നതും ചോദ്യമായി.2004 മുതല്‍ സോണിയ ഗാന്ധി വിജയിക്കുന്ന റായ്ബറേലിയില്‍ ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
അതേസമയം, ഗാന്ധികുടുംബത്തിലെ മൂന്ന് പ്രമുഖ നേതാക്കളും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് വരുന്നത് ബി.ജെ.പി ആരോപിക്കുന്ന കുടുംബരാഷ്ട്രീയത്തിന് വളംവെക്കുമോയെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഗാന്ധികുടുംബത്തില്‍ നിന്നുള്ളവര്‍ അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥിയാകുന്നതിനെ രാഹുല്‍ ഗാന്ധിയും അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹവുമായി അടുത്ത ആളുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാവാനില്ലെന്ന കാര്യം പ്രിയങ്ക പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനിടെ, അമേത്തിയില്‍ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വാദ്രക്ക് വേണ്ടി അമേത്തിയില്‍ പോസ്റ്ററുകളുമുയര്‍ന്നിരുന്നു. താന്‍ മത്സരിച്ചാല്‍ സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലെ തെറ്റ് തിരുത്താന്‍ അമേത്തിയിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് വാദ്ര പറഞ്ഞത് ചര്‍ച്ചയായിരുന്നു. മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തില്‍ അവര്‍ എന്റെ വിജയം ഉറപ്പാക്കുമെന്നും വാദ്ര അവകാശപ്പെട്ടിരുന്നു.
അതേ സമയം ഇത്തരം ഊഹാപോഹങ്ങളൊന്നും പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഗാന്ധി കുടുംബം ഏറെ ജനകീയമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് അവര്‍ പങ്കെടുക്കുന്ന പൊതുപരിപാടിക്കെത്തുന്നത്. അവരുടെ മത്സരക്കാര്യത്തില്‍ അന്തിമ തീരുമാനം നേതൃത്വത്തിനായിരിക്കും- രാജീവ് ശുകഌപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."