മെയ്മാസമല്ലേ ... പുഷ്പമേള കാണാന്‍ പോകാം കുടുംബത്തോടൊപ്പം സഞ്ചാരികളുടെ പറുദീസയായ ഊട്ടിയിലേക്ക്
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഊട്ടിയല്‍ പോകണം എന്ന ആഗ്രഹമില്ലാത്തവര്‍ ഉണ്ടാവില്ല- ഏറ്റവും പ്രശസ്ത ഹില്‍ സ്റ്റേഷനുകളിലൊന്നായ ഊട്ടിയുടെ ഭംഗി പറഞ്ഞു കേള്‍ക്കുന്നതിലും ചിത്രങ്ങള്‍ കാണുന്നതിലും ഒക്കെ എത്രയോ വലുതാണെന്ന് നേരിട്ടെത്തിയാല്‍ മാത്രമേ മനസ്സാലാവൂ.
കനത്ത ചൂടില്‍നിന്നു രക്ഷതേടി ജനം ഊട്ടിയിലേക്ക് ഒഴുകിത്തുടങ്ങി. ഇവരെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടവും ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പും വിനോദസഞ്ചാരവകുപ്പും എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന തിരക്കിലാണ്. മെയ്
17 മുതല്‍ നടക്കുന്ന ലോകപ്രശസ്തമായ പുഷ്പമേള ഗംഭീരമാക്കാന്‍ ഊട്ടി സസ്യോദ്യാനത്തില്‍ ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. 35,000 ചെടിച്ചട്ടികളില്‍ വളര്‍ത്തിയ ചെടികള്‍ പൂവണിയാന്‍ തുടങ്ങി. വെയിലില്‍ ഇവ വാടാതിരിക്കാന്‍ ഗ്ലാസ് ഷീറ്റ് പതിച്ച ഗ്യാലറിയിലേക്ക് മാറ്റി. ഈ വര്‍ണക്കാഴ്ച സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ശനിയാഴ്ചമുതല്‍ സഞ്ചാരികള്‍ കൂടുതലായി എത്തിയതോടെ പൊലിസ് ഊട്ടിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
ഗൂഡല്ലൂര്‍ ഭാഗങ്ങളില്‍നിന്നു വരുന്ന വാനുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഫിംഗര്‍ പോസ്റ്റില്‍ ഗോള്‍ഫ് ക്ലബ്ബ് റോഡില്‍ പാര്‍ക്ക് ചെയ്യണം. കൂനൂര്‍ ഭാഗത്തുനിന്നു വരുന്നവ ആവിന്‍ മൈതാനത്ത് പാര്‍ക്ക് ചെയ്യണം. ഈ നിയന്ത്രണം മെയ് 31 വരെ ഉണ്ടായിരിക്കും. ഇവിടെനിന്നു സഞ്ചാരികള്‍ക്ക് പ്രത്യേകമായി ഒരുക്കിയ സര്‍ക്യുട്ട് ബസില്‍ കയറി വിവിധ ഉല്ലാസകേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ചാര്‍ജ്. ടിക്കറ്റിനുപകരം പാസാണ് നല്‍കുക. ഈ പാസുപയോഗിച്ച് സസ്യോദ്യാനം, ദോഡാബെട്ട, ബോട്ട് ഹൗസ്, റോസ് ഗാര്‍ഡന്‍, ടീ ഫാക്ടറി, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ യാത്രചെയ്യാം. ഓരോ അരമണിക്കൂറിലും ഓരോ പോയിന്റിലും ഒരു ബസ് എത്തും. ഒരുദിവസം എപ്പോള്‍ വേണമെങ്കിലും മാറിമാറി യാത്ര ചെയ്യാം. ഇതിനായി ശനിയാഴ്ചമുതല്‍ 20 സ്‌പെഷല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
ഊട്ടിയിലേക്കുള്ള യാത്ര പുറപ്പെടുമ്പോള്‍ തന്നെ എല്ലാവരുടെയും മനസിലും ഉയരുന്ന ആദ്യത്തെ ചോദ്യമാണ് ഏതൊക്കെയാണ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ എന്നത്.
ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
ഊട്ടിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് ഇവിടുത്തെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. നീലഗിരി മലകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളില്‍ സ്ഥിതിചെയ്യുന്ന ഗാര്‍ഡന്‍ 55 ഏക്കര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്സ്ത വിഭാഗങ്ങളായി ബോട്ടാണിക്കല്‍ ഗാര്‍ഡനെ വിഭജിച്ചിട്ടുണ്ട്. അപൂര്‍വങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെ കാണാം. കുരങ്ങനു കയറാനാവാത്ത മങ്കിപസ്സില്‍ മരം, കോര്‍ക്കുമരം, 20 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ മരം, പേപ്പര്‍ ബാര്‍ക്് മരം എന്നിവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്.
തവളമല
ഗൂഡല്ലൂരില്‍നിന്ന് ഊട്ടിയിലേക്കുള്ള വഴിയിലാണ് ഇത്. ഊട്ടിക്കു സമീപമുള്ള മനോഹരമായി കുന്നുകളിലൊന്നാണ് തവളമല. ദൂരെ നിന്നു നോക്കുമ്പോള്‍ തവളയെ പോലെയാണ്.
അവലഞ്ച് തടാകം
ഊട്ടിയില്‍ നിന്ന് അല്‍പ മാറിയാണ് അവലാഞ്ചി തടാകമുള്ളത്. പോകുന്ന വഴിയിലുടനീളം പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നതു കാണാം. ഈ തടാകത്തിനു ചുറ്റും ഉരുളന്‍ പാറകള്‍ കാണാം. അവയ്ക്കു മുകളില്‍ വര്‍ഷത്തിലേറെ കാലവും പുഷ്പിച്ചു നില്‍ക്കുന്ന മംഗോളിയ വൃക്ഷങ്ങളും കാട്ടുപൂവരശുകളും ഓര്‍ക്കിഡുകളും കുളിര്‍മയുള്ള കാഴ്ചകളാണ്. നീലഗിരികുന്നുകളിലുള്ള ഈ തടാകം മത്സ്യ സമ്പന്നമാണ്.
അവലാഞ്ചി മാര്‍ക്കറ്റ്
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ക്യാരറ്റ് വരുന്നത് ഇവിടെ നിന്നാണ്. എങ്ങനെയാണ് ക്യാരറ്റ് തരം തിരിക്കുന്നതെന്നും എങ്ങനെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും മനസിലാക്കാന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചാല്‍ മതിയാവും.
എമറാള്‍ഡ് തടാകം
ഊട്ടിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി നീലഗിരിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടും തടാകവുമാണിത്. ഊട്ടിയില്‍ ഏറ്റവും മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണിത്.
അവലഞ്ച് ജംഗിള്‍ സഫാരി
അവലഞ്ച് തടകാ കാഴ്ചകള്‍ കണ്ട് ആസ്വദിച്ചതിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത് വനം വകുപ്പിന്റെ അനുമതിയോടെ ഏകദേശം രണ്ടുമണിക്കൂര്‍ നേരം ഉള്‍വനത്തിലൂടെ ജംഗിള്‍സഫാരിയും നടത്താം. ഫോറസ്റ്റ് വാഹനത്തിലായിരിക്കും യാത്ര.
കുന്ദ വെള്ളച്ചാട്ടം
മഴക്കാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ മനോഹരമായ ഒരു സ്ഥലം. അവലഞ്ചിയില്‍ നിന്നു 12 കിലോമീറ്റര്‍ അകലെയാണ് ഇത്.
കിന്നകൊറൈ വ്യൂ പോയിന്റ്
കുന്ദയിലാണ് കിന്നകൊറൈ വ്യൂ പോയിന്റ്. തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് കിന്നകൊറൈ. ഈ ഗ്രാമത്തിനു ചുറ്റും തേയിലത്തോട്ടങ്ങലും കാടുകളും മൂടല്‍ മഞ്ഞ് പുതച്ച കുന്നുകളുമാണ്. കിന്നകൊറൈ യിലേക്കുള്ള റോഡ് വളരെ മനോഹരമായ വനപാതയാണ്.
കൂടാതെ റോസ് ഗാര്‍ഡന്‍, ബോട്ട് ഹൗസ്, ടോയ് ട്രെയിന്‍ യാത്ര, ലാംബ്‌സ് റോക്ക്, ഡോള്‍ഫിന്‍ നോസ്, കൊത്തഗിരി, കൊടനാട്, മേട്ടുപ്പാളയം വ്യൂ പോയിന്റ്, പൈകര വെള്ളച്ചാട്ടം എന്നിവിടങ്ങളും സന്ദര്‍ശിക്കാം.
ശ്രദ്ധിക്കുക
വേനലവധിക്കാലമായതോടെ തിരക്കേറിയ സീസണായതിനാല്‍ ഊട്ടി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ റൂം ബുക്ക് ചെയ്തു പോവുക. ടോയ്‌ട്രെയിന്‍ കയറാനും ബുക് ചെയ്യുക. പ്ലാസ്റ്റിക് ക്യാരിബാഗ്, ഒരിക്കല്‍ ഉപയോഗിക്കുന്ന പ്ലെയ്റ്റ്, ഗ്ലാസ്, കുടിവെള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ കൊണ്ടുവരാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."