കെവൈസി പണി കൊടുത്തു; 1.3 കോടി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾക്ക് ഇടപാട് നടത്താനാവില്ല
1.3 കോടി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾക്ക് ഇടപാട് നടത്താനാകില്ലെന്ന് റിപ്പോർട്ട്. കെവൈസി പൂർണമല്ലാത്തതിനാലാണ് ഇത്രയധികം അക്കൗണ്ടുകൾക്ക് സസ്‌പെൻഷൻ വരാൻ സാധ്യത. കെവൈസി രജിസ്ട്രേഷൻ പ്രക്രിയയിൽ ആധാർ അല്ലാത്തതും ഔദ്യോഗികമല്ലാത്തതുമായ രേഖകൾ നൽകിയതാണ് ഇതിന് കാരണം. ഏകദേശം 11 കോടി നിക്ഷേപകരിൽ 73% പേർക്കും സാധുതയുള്ള കെവൈസി ഉണ്ട്. അതേസമയം 'ഓൺ ഹോൾഡ്' ആയ 12% പേർക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളും മ്യൂച്വൽ ഫണ്ട് ഫോളിയോകളും പ്രവർത്തിപ്പിക്കാൻ കഴിയില്ല.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) തയാറാക്കിയ പുതിയ നിയമങ്ങൾ അനുസരിച്ച്, 'ഓൺ ഹോൾഡ്' കെവൈസി ഉള്ള നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിൽ ഇടപാടുകളൊന്നും നടത്താൻ കഴിയില്ല. പുതിയ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനോ നിലവിലുള്ള മ്യൂച്വൽ ഫണ്ടുകൾ വിൽക്കാനോ സാധിക്കില്ല. ഏതെങ്കിലും ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപകൻ കെവൈസി സ്റ്റാറ്റസ് പരിശോധിക്കേണ്ടത് പ്രധാനമാണ്.
www.CVLKRA.com/ www.CAMSKRA.com എന്നീ വെബ്‌സൈറ്റ് വഴി മ്യൂച്വൽ ഫണ്ട് കെവൈസി സ്റ്റാറ്റസ് പരിശോധിക്കാം. ഇതിനായി പാൻകാർഡ് ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."