വൈദ്യുതി നിയന്ത്രണത്തിനു പിന്നാലെ സര്‍ചാര്‍ജ്ജ് വര്‍ധനയും; ഉപഭോക്താക്കള്‍ക്ക് 'ചൂടന്‍ ഷോക്ക്'
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറക്കുന്നതിനുള്ള പ്രാദേശിക നിയന്ത്രണം തുടരുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി. ഇന്ധന സര്‍ചാര്‍ജ് 10 പൈസ കൂടി വര്‍ധിപ്പിച്ചു. നേരത്തേയുള്ള ഒമ്പത് പൈസക്ക് പുറമേ, 10 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കുന്നതോടെ മേയിലെ ബില്ലില്‍ ഇതടക്കം സര്‍ചാര്‍ജ് 19 പൈസയാവും.
ഒമ്പത് പൈസക്ക് പുറമേ, 10 പൈസകൂടി ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കാനാണ് റെഗുലേറ്ററി കമീഷന്‍ അനുവാദമുള്ളത്. ഇതിനു പുറമേ, ഈ വേനല്‍ക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം നികത്താനുള്ള സര്‍ചാര്‍ജും വൈകാതെ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും. ഈയിനത്തില്‍ കൂടുതല്‍ തുക സര്‍ചാര്‍ജായി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെടാനാണ് സാധ്യത.
അതേസമയം, സംസ്ഥാനത്ത് പ്രാദേശികമായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല. കൂടുതല്‍ വൈദ്യുതി ഉപയോഗമുള്ള പ്രദേശങ്ങളിലാണ് നിലവില്‍ നിയന്ത്രണം. പീക്ക് സമയത്ത് ആവശ്യമായ ഇടങ്ങളില്‍ നിയന്ത്രണം ആകാമെന്നായിരുന്നു ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് ലഭിച്ച നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ വിതരണശൃംഖല ദുര്‍ബലവും ലോഡ് കൂടുതലുമുള്ള ഇടങ്ങളില്‍ ശനിയാഴ്ച വൈദ്യുതി മുടക്കമുണ്ടായി.
ഉപയോഗം കൂടിയതുകാരണം ലൈനുകള്‍ ഡ്രിപ്പാകുന്ന സ്ഥലങ്ങളിലാണ് 10 മിനിറ്റോളം പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പലയിടത്തും ഇതിലേറെ സമയം വൈദ്യുതി തടസ്സപ്പെട്ടു. ഇത്തരം നടപടികളിലൂടെ പീക്ക് സമയ ഉപയോഗത്തില്‍ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."