കള്ളക്കടൽ ഭീഷണി തുടരുന്നു; കേരള തീരത്ത് ഓറഞ്ച് അലർട്ട്, ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് ഓറഞ്ച് അലർട്ട്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. രാത്രി കോഴിക്കോട് കടൽക്ഷോഭമുണ്ടായി. വെസ്റ്റ്ഹിൽ ശാന്തി നഗറിലെ വീടുകളിൽ വെള്ളം കയറി.
മുന്നറിയിപ്പ് നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.
5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.
6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്ധമായിരിക്കും.
മുന്നറിയിപ്പുകൾ ഒരുകാരണവശാലും അവഗണിക്കരുത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ക്രമീകരണങ്ങൾ നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."