വിഴിഞ്ഞം കേസ് വിധി പറയുന്നതിനായി മാറ്റിവച്ചു
ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കു പാരിസ്ഥിതിക അനുമതി നല്‍കിയതു സംബന്ധിച്ച ഹരജികള്‍ ദേശീയ ഹരിത കോടതിവിധി പറയാനായി മാറ്റി. ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നതിനായി കേസ് മാറ്റിയത്.
വാദം കേട്ട അഞ്ചംഗ ബെഞ്ചിലെ എ.ആര്‍ യൂസുഫ് വിരമിച്ചതിനെ തുടര്‍ന്നു നാലംഗ ബെഞ്ചാവും വിധിപറയുക. വാദംകേട്ട ബെഞ്ചിലെ ഒരംഗം വിരമിച്ച സാഹചര്യത്തില്‍ പുനര്‍വാദം കേള്‍ക്കണോ ശേഷിക്കുന്ന ബെഞ്ച് വിധി പറഞ്ഞാല്‍ മതിയോ എന്നതുസംബന്ധിച്ച് ഇന്നലെ കേസിലെ കക്ഷികളില്‍നിന്നു അഭിപ്രായം തേടിയിരുന്നു. ഇത് അംഗീകരിച്ച് എല്ലാ കക്ഷികളും രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
നിലവിലുള്ള ബെഞ്ചിലെ അംഗങ്ങള്‍ ആരെങ്കിലും വിരമിക്കുകയാണെങ്കില്‍ പുതുതായി നിയമിതാനാകുന്ന അംഗത്തെ ഉള്‍പ്പെടുത്തിയ ബെഞ്ച് വാദം കേള്‍ക്കണമെന്നാണ് നിയമം. അഞ്ചംഗങ്ങള്‍ വാദം കേട്ട കേസായതിനാല്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തി വാദം പൂര്‍ത്തിയാക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാലംഗങ്ങള്‍ ചേര്‍ന്നു വിധി പറയുന്നതില്‍ എതിര്‍പ്പില്ലെന്നു കക്ഷികള്‍ അറിയിച്ചു. കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്നു പ്രത്യേക അനുവാദം തേടിയാണ് എതിര്‍പ്പില്ലായ്മ അറിയിച്ചത്. ഈ മാസം 11നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയത്. ഈയാഴ്ചയ്ക്കുള്ളില്‍ തന്നെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. മതിയായ പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയാണോ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയതെന്നാണ് പ്രധാനമായും ഹരിത കോടതിയുടെ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ച് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."