വൈദ്യുതി നിയന്ത്രണം ഫലംകണ്ടു; ലോഡ്‌ഷെഡിങ് വേണ്ടിവരില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം:വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് മേഖലതിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലംകണ്ടതായി കെഎസ്ഇബി. ലോഡ്‌ഷെഡിങ് വേണ്ടിവരില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. പലയിടത്തും മഴ ലഭിച്ചു തുടങ്ങി. നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
ലോഡ് ഷെഡ്ഡിംഗ് ആവശ്യം കെഎസ്ഇബി സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നുവെങ്കിലും, തല്‍ക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പകരം മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു.
വൈദ്യുതി ഉപഭോഗം കുറക്കാനുളള നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. രാത്രി കാലത്ത് എസി 26 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ക്രമീകരിക്കാന്‍ പൊതുജനങ്ങളോട് കെഎസ്ഇബി നിര്‍ദ്ദേശിച്ചു. ഒന്‍പതിന് ശേഷം അലങ്കാരവിളക്കുകള്‍ പരസ്യബോര്‍ഡുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുതെന്നടക്കം നിര്‍ദ്ദേശിച്ചു. അതെല്ലാം അവലോകനം ചെയ്ത ശേഷമാണ് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."