തിമിര്‍ത്ത് പെയ്ത് വേനല്‍ മഴ, ശക്തമായ കാറ്റ് ; കൂത്താട്ടുകുളത്ത് കോടിയിലധികം രൂപയുടെ നാശനഷ്ടം
കൊച്ചി: സംസ്ഥാനത്ത് വേനല്‍മഴ ശക്തമായി. എറണാകുളം കൂത്താട്ടുകുളത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി. 24 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരു കോടിയിലധികം രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നത്. പത്ത് ട്രാന്‍സ്‌ഫോര്‍മറുകളും 50 വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു . 20 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുള്ളത് . പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് . വേനല്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു.തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."