ടീം ഇന്ത്യ പരിശീലക നിയമനം: ബി.സി.സി.ഐക്ക് താല്പര്യം വിദേശികളെ, സമീപിച്ചത് ഈ രണ്ടുപേരെ
രാഹുൽ ദ്രാവിഡിനു പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി ബി.സി.സി.ഐ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങുമാണ് ബി.സി. സി.ഐ പരിഗണിക്കുന്ന പ്രധാന പേരുകളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇവർക്ക് ഇന്ത്യൻ ക്രിക്കറ്റിനെക്കുറിച്ച് കൃത്യമായി അറിയാമെന്നതാണ് ബി.സി.സി.ഐയുടെ താൽപര്യത്തിനു കാരണം. 2009 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ പരിശീലകനാണ് ഫ്ളെമിങ്. മെൽബൺ സ്റ്റാർസിന്റെയും എസ്.എ. 20 യിൽ ജോബർഗ് സൂപ്പർ കിങ്‌സിനെയും ഫ്ളെമിങ് പരിശിലിപ്പിക്കുന്നുണ്ട്. ഫ്ളെമിങ്ങുമായി ഇതിനകം തന്നെ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലകനായ റിക്കിപോണ്ടിങ്ങിനും ഇന്ത്യൻ താരങ്ങളെ കുറിച്ച് കൃത്യമായ അറിവുള്ളയാളാണ്. ഇക്കാരണത്താലാണ് പോണ്ടിങ്ങിനെയും ബി.സി.സി.ഐ സമീപിക്കുന്നത്, നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വി.വി.എസ്. ലക്ഷ്മണും ബി.സി.സി.ഐ.യുടെ പരിഗണനയിലുണ്ടെന്നാണ് വിവരം. എന്നാൽ ലക്ഷ്മൺ അപേക്ഷ നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫ്ളെമിങ്ങോ, റിക്കി പോണ്ടിങ്ങോ ഇക്കാര്യ ത്തിൽ പ്രതികരിച്ചിട്ടില്ല. മൂന്നു വർഷത്തിനു ശേഷമാണ് രാ ഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനം ഒഴിയുന്നത്.
ഏകദിന ലോകകപ്പിനു ശേഷം ലഭിച്ച കരാർ പ്രകാരം ജൂൺ വരെയാണ് ദ്രാവിഡിന് ടീമിനൊപ്പം തുടരാനാകുക. വീണ്ടും പരിശീലകനാകാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതിനെ തുടർന്നാണ് ബി.സി.സി.ഐ പുതിയ പരിശീലകനെ തേടുന്നത്. ജോൺ റൈറ്റ്, ഗാരി കേഴ്സ്റ്റൻ, ഡങ്കൻ ഫച്ചർ എന്നിവർ ഇന്ത്യയെ പരിശിലിപ്പിച്ച കാലത്ത് ടീം മികച്ച നേട്ടങ്ങളുണ്ടാക്കിയിരുന്നു. ഇക്കാരണം കൊണ്ടുകൂടിയാണ് ഇന്ത്യ വിദേശ പരിശീലകരെ എത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."