കേരളത്തിലെ പോളിടെക്‌നിക് കോളജുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
കേരളത്തിലെ സര്‍ക്കാര്‍, എയിഡഡ്, ഗവ. കോസ്റ്റ് ഷെയറിങ് (IHRD, CAPE, LBS), സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വെബ്‌സൈറ്റ് : www.polyadmission.org.
SSLC/ THSLC/ CBSE/ മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലിഷ് മുതലായ വിഷയങ്ങള്‍ ഓരോവിഷയങ്ങളായി പഠിച്ചവര്‍ക്ക് എന്‍ജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലിഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.2) അപേക്ഷിക്കാം. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം.
കേരളത്തിലെ സര്‍ക്കാര്‍/ ഗവ. കോസ്റ്റ്‌ഷെയറിങ് (IHRD, CAPE, LBS) പോളിടെക്‌നിക്കുകളിലെ മുഴുവന്‍ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85% സീറ്റുകളിലേക്കും സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലെ 50% ഗവ. സീറ്റിലേക്കുമാണ് ഓണ്‍ലൈന്‍വഴി പ്രവേശനം നടക്കുന്നത്.
THSLC, VHSE എന്നിവ പാസായവര്‍ക്ക് യഥാക്രമം 10, 2% വീതം റിസര്‍വേഷന്‍ ഉണ്ട്. VHSE പാസായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തെരെഞ്ഞെടുക്കാന്‍ സാധിക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് 5% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സിക്ക് ലഭിച്ച മാര്‍ക്കില്‍ കണക്ക്, സയന്‍സ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇന്‍ഡ്ക്‌സ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലിഷ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇന്‍ഡ്ക്‌സ് സ്‌കോര്‍ നിശ്ചയിക്കുന്നത്. പൊതുവിഭാഗങ്ങള്‍ക്ക് 200 രൂപയും പട്ടികവിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസടച്ച് പൂര്‍ത്തിയാക്കണം. അതിനുശേഷം അപേക്ഷ സമര്‍പ്പിക്കാം.
എന്‍.സി.സി , സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകര്‍പ്പ് യഥാക്രമം എന്‍.സി.സി ഡയരക്ടറേറ്റിലേക്കും സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിലേക്കും നല്‍കണം. സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക്ക് കോളജ്, സര്‍ക്കാര്‍ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലോ മനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ കോളജിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."