നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ മാറുന്നു
ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ പിഴ ചുമത്താനാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ അടയ്‌ക്കേണ്ട പിഴത്തുക വര്‍ധിക്കും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ 1000 രൂപ മുതല്‍ 2000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ അവരുടെ രക്ഷിതാക്കള്‍ നിയമ നടപടി നേരിടേണ്ടി വരും. 25000 രൂപ പിഴ അടയ്‌ക്കേണ്ടിയും വരും. 25 വയസ്സ് തികയുന്നത് വരെ ഇവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല.
ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ പ്രാദേശിക ആര്‍ടി ഓഫീസില്‍ നിന്ന് തന്നെ ഡ്രൈവിങ് ടെസ്റ്റ് ചെയ്യണമെന്ന നിര്‍ബന്ധം ഇനിയുണ്ടാവില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള അനുമതി നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നത് മുതല്‍ അത് കയ്യില്‍ കിട്ടുന്നത് വരെയുള്ള പ്രക്രിയ കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഓണ്‍ലൈനായും ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടും ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഡ്രൈവിംഗ് ലൈസന്‍സിനുള്ള ഫീസിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ നിയമം പ്രകാരം ലേണേഴ്‌സ് ലൈസന്‍സിന് അപേക്ഷിക്കാന്‍ 150 രൂപയാണ് നല്‍കേണ്ടത്. ടെസ്റ്റിനും റീ ടെസ്റ്റിനും 50 രൂപയായിരിക്കും അധിക ഫീസ്. സാധാരണ ഡ്രൈവിങ് ടെസ്റ്റിനും റീ ടെസ്റ്റിനും 300 രൂപയാണ് ഫീസ്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് 200 രൂപയാണ് അടയ്‌ക്കേണ്ടതായി വരിക. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റിന് 1000 രൂപയാണ് അടയ്‌ക്കേണ്ടത്. ചരക്കുഗതാഗത വാഹനങ്ങളുടെ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ 200 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടത്. ലൈസന്‍സ് പുതുക്കുന്നതിനും 200 രൂപ ഫീസ് വേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."