കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകരായി
കല്പറ്റ: കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകരായി. മീനങ്ങാടി അപ്പാട് കോളനിയിലെ 24 കാരിയായ പഞ്ചമിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മീനങ്ങാടിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറുകയും ആംബുലന്‍സ് പൈലറ്റ് പി.വി നിജീഷ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ബെറില്‍ ഗില്‍ബെര്‍ട് എന്നിവര്‍ ഉടനെ കോളനിയില്‍ എത്തുകയും ചെയ്തു.
തുടര്‍ന്ന് ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ തന്നെ ഇരുവരെയും മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കളും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."