അധ്യാപക നിയമന ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
മലപ്പുറം: എയ്ഡഡ് സ്കൂളുകളിലുണ്ടാകുന്ന പുതിയ തസ്തികകളില്‍ 1: 1 എന്ന അനുപാതത്തില്‍ അധ്യാപക നിയമനം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ. ഇതു സംബന്ധിച്ചു ജില്ലയിലെ 31 എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ നല്കിയ ഹരജിയിലാണു സുപ്രീം കോടതി മാനേജുമെന്റിന് അനുകൂലമായ നിലപാടു സ്വീകരിച്ചത്.
2010 വരെ മാനേജര്‍മാര്‍ നിയമനം നടത്തിയ എല്ലാവരെയും അംഗീകരിച്ചും 2010നുശേഷം മാനേജ്മെന്റില്‍ ഉണ്ടാകുന്ന പുതിയ തസ്തികകളില്‍ 1:1 എന്ന അനുപാതത്തില്‍ പുറത്തു പോകുന്ന അധ്യാപകരെ നിയമിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ തീരുമാനം മാനേജര്‍മാരുടെ അധികാരത്തില്‍ കൈകടത്തലാണെന്നാണു മാനേജര്‍മാര്‍ പറയുന്നത്. കേരള വിദ്യാഭ്യാസ നിയമം(കെ.ഇ.ആര്) പ്രകാരവും എയ്ഡഡ് സ്കൂളുകളിലുള്ള അധ്യാപക നിയമന അധികാരം മാനേജര്‍മാരില്‍ നിക്ഷിപ്തമാണ്. ഈ ഉത്തരവിനെതിരേ മാനേജര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഡിവിഷന് ബെഞ്ച് സര്‍ക്കാര്‍ ഉത്തരവ് ശരിവെക്കുകയായിരുന്നു.
ഇതിനെതിരേ ജില്ലയിലെ 104 സ്കൂള്‍ മാനേജര്മാരാണു സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ 31 മാനേജര്‍മാരുടെ കാര്യത്തിലാണ് ഇപ്പോള്‍ സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."