പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല, തോല്‍വി ഇഴ കീറി പരിശോധിക്കും- എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സി.പി.എം ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തില്‍ ഇടതു പക്ഷത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ദേശാഭിമാനിയിലെ ലേഖനത്തില്‍ കുറിച്ചു.
ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ടത് തിരുത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ മിക്കപ്പോഴും യു.ഡി.എഫിനാണ് മുന്‍തൂക്കം ലഭിക്കാറ്.1984നു ശേഷം ഒമ്പത് തവണയും യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം. അതേസമയം, ഇപ്പോഴത്തെ തോല്‍വി ചെറുതായി കാണുന്നില്ല.
മൂവാറ്റുപുഴയിലും നേമത്തും നേരത്തെ ബി.ജെ.പി ജയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ വിജയം ആവര്‍ത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം എല്‍.ഡി.എഫ് ഒരുക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാന്‍ എന്‍.ഡി.എക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്നു മാത്രമല്ല പരാജയപ്പെട്ടവരുടെ ഗണത്തിലാണ് ഈ വിജയം കണക്കാക്കപ്പെടുക. ഭൂരിപക്ഷം നേടാനായില്ലെങ്കിലും 'ഇന്ത്യ കൂട്ടായ്മ'യാണ് വന്‍ വിജയം നേടിയതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
ഇ.ഡി, സി.ബി.ഐ എന്നീ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയും രണ്ടു മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ മൂന്നാംവിജയം ഉറപ്പാക്കാന്‍ എല്ലാ ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടും ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായില്ല.
ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ജനവിധിയാണ് ഉണ്ടായതെന്നാണ്. കേന്ദ്രത്തില്‍ മോദിയുടെയും ബി.ജെ.പിയുടെയും തകര്‍ച്ച ആവേശകരമാണെങ്കിലും കേരളത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.
ഇടതുപക്ഷം ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയതും ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചതും ഗൗരവമേറിയ വിഷയം തന്നെയാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. അവര്‍ നല്‍കുന്ന മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകും. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ സജീവമായി ഏറ്റെടുത്ത് അവരോടൊപ്പം ചേര്‍ന്ന് എല്‍.ഡി.എഫ് പ്രയാണം തുടരുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."