മണ്‍സൂണില്‍ കുതിച്ചുയര്‍ന്ന് പഴം പച്ചക്കറി വില; ഉള്ളിക്കും തക്കാളിക്കും ഇരട്ടി വില
കൊച്ചി: മഴക്കാലം എത്തി. പച്ചക്കറിവിലയും ഉയര്‍ന്നു. പഴം, പച്ചക്കറികള്‍ക്കാണ് വില കൂടിയത്. എറണാകുളം ജില്ലയില്‍ മിക്ക ഇനങ്ങള്‍ക്കും ഇരട്ടിയോളമാണ് വില. ഇനിയും വില ഉയരും എന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. അയല്‍സംസ്ഥാനങ്ങളില്‍ പച്ചക്കറി, പഴം ഉല്‍പാദനം കുറഞ്ഞതോടെയാണ് സംസ്ഥാനത്തേക്കുള്ള വരവ് കുറഞ്ഞത്. ഇത് വില ഉയരാനുള്ള പ്രധാനകാരണമായി. വേനല്‍ ശക്തമായതോടെ കൃഷി നശിച്ചതും മഴ നേരത്തേ എത്തിയതുമൊക്കെ ഇതിനെ ബാധിച്ചു.
കഴിഞ്ഞ ഒരു മാസംകൊണ്ടാണ് വില ഇത്രയധികം വര്‍ധിച്ചത്. സവാളയ്ക്കും ഉള്ളിക്കും തക്കാളിക്കും കിഴങ്ങുകള്‍ക്കും വെള്ളരിക്ക, പാവക്ക, വെണ്ടയ്ക്ക തുടങ്ങിയ സാധാരണക്കാരുടെ സ്ഥിരമായി ഉപയോഗിക്കുന്ന ഇനങ്ങള്‍ക്കെല്ലാമാണ് വില കുതിച്ചുയര്‍ന്നത്. ഒരാഴ്ച വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വാങ്ങാന്‍ ശരാശരി 600 രൂപയ്ക്ക് മുകളിലാകുമെന്നാണ് സാധാരണക്കാര്‍ പറയുന്നത്.
പച്ചക്കറി വില വര്‍ധിച്ചതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായിട്ടുണ്ട്. മാര്‍ക്കറ്റ് വില അനുസരിച്ച് ഭക്ഷണത്തിനും വില കൂട്ടാന്‍ കഴിയില്ലെന്ന് ഹോട്ടലുടമകളും പറയുന്നു. മഴ കനക്കുന്നതോടെ പച്ചക്കറി വില ഇനിയും കുതിച്ചുയരുമെന്നാണ് ഇപ്പോഴത്തെ സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."