രാജ്യത്തെ തൊഴിലാളികളുടെ ഐക്യനിര മോദിയുടെ ഉറക്കംകെടുത്തുന്നു: എളമരം കരീം
മണ്ണഞ്ചേരി : മുന്‍കാലങ്ങളില്‍ ഇല്ലാതിരിന്ന തൊഴിലാളികളുടെ ഐക്യനിര രാജ്യത്തുനിലവില് വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറക്കംകളയുന്നതായി സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു വിന്റെ ആലപ്പുഴ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന പണിമുടക്ക് കേന്ദ്രഭരണാധികാരികള്ക്കുള്ള ശക്തമായ താക്കീതായിമാറും. ന്യായമായ ആവശ്യങ്ങളാണ് തൊഴിലാളി സമൂഹം ഇപ്പോള്‍ ഉന്നയിക്കുന്നത്.സമരത്തിന്റെ ആലോചനായോഗത്തില്‍ ബി.എം.എസ് ദേശീയനേതാക്കള്‍ പങ്കെടുത്തിരുന്നു. ഇവരെ ആര്.എസ്.എസ് നേതാക്കള്‍ ശക്തമായി താക്കീതുചെയ്ത് സമരത്തില്‍ നിന്നും പിന്തിരിപ്പിച്ചതായും കരീം പറഞ്ഞു. 125 കോടിയിലധികംവരുന്ന ഭാരതിയരെ ഒന്നായികാണാന്‍ ശ്രമിക്കാത്ത ഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും മുന്‍മന്ത്രി ആരോപിച്ചു.
നമ്മുടെ മതേതരസംസ്ക്കാരം ബോധപൂര്‍വ്വം തകര്‍ക്കാനാണ് മോഡിയുടെ നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ ശ്രമിക്കുന്നത്.
വര്‍ഗീയതയെ പ്രോല്‍സാഹിപ്പിച്ച് മതസ്പര്ദ്ദവളര്ത്തി രാഷ്ട്രീയമായ നേട്ടത്തിനാണ് മുന്‍കാലങ്ങളിലേതുപോലെ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.അഡ്വ.ബി.രാജശേഖരന് അദ്ധ്യക്ഷതവഹിച്ചു സി.ബി.ചന്ദ്രബാബു,സജീചെറിയാന്,കെ.വി.ജോസ്,ആര്.നാസര്‍,കെ.ഡി.മഹീന്ദ്രന്,പി.പി.പവനന്,എന്‍.പി.സ്നേഹജന്,സി.കെ.സുരേന്ദ്രന്,സി.കുശന് എന്നിവര്‍പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."