സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്ന് മഴ ശക്തമാകും; നാല് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
അതേസമയം സംസ്ഥാനത്ത് നാളെ മുതൽ മഴ കനത്തേക്കും. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിൻറെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.
ഇതിനിടെ, മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം ഉണ്ടായി. അപകടത്തിൽ മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."