ആക്രമണം തടയാന്‍ നടപടിയില്ല; തെരുവ് നായ്ക്കള്‍ ഉറക്കം കെടുത്തുന്നു
തൊടുപുഴ: തെരുവ്‌നായ അക്രമണം ദിവസം ചെല്ലുന്തോറും വര്‍ധിച്ചുവന്നിട്ടും ഇതു തടയാന്‍ ക്രിയാത്മക നടപടിയില്ല. ഇടുക്കിയുടെ ലോറേഞ്ചും ഹൈറേഞ്ചും തെരുവ് നായ്ക്കള്‍ കൈയ്യടക്കിക്കഴിഞ്ഞു. തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലും വീടുവിട്ട് പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ് ജനം.
കുട്ടികള്‍ സ്‌ക്കൂളില്‍ നിന്നും തിരിച്ചെത്തുന്നതുവരെ കനത്ത ആശങ്കയിലാണ് മാതാപിതാക്കള്‍. നായ്ക്കളുടെ അക്രമണം തടയാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ ജനങ്ങളില്‍ പ്രതിഷേധമുയരുകയാണ്.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഈ മാസം നായയുടെ കടിയേറ്റു ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയവരുടെ എണ്ണം 190 ആണ്. ഈ വര്‍ഷത്തെ കണക്കനുസരിച്ച് 1,989 പേരും. വളര്‍ത്തു നായയുടെ കടിയേറ്റവരും ഇതിലുണ്ട്. ജില്ലയില്‍ ആകെയുള്ളത് 5,827 തെരുവുനായ്ക്കള്‍ മാത്രമാണെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ സര്‍വേയിലെ കണ്ടെത്തല്‍. വളര്‍ത്തുനായ്ക്കള്‍ 61,047 എണ്ണവും.
എന്നാല്‍ 25,000 ഓളം നായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ടെന്നു അധികൃതര്‍ രഹസ്യമായി സമ്മിതിക്കുന്നു.
നായ്ക്കള്‍ വര്‍ധിക്കുന്നതിനു പിന്നില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് പ്രധാന കാരണം. മാലിന്യകൂമ്പാരത്തില്‍ വസിക്കുന്ന നായ്ക്കളാണ് ഏറെ അക്രമകാരികളെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതോടൊപ്പം മറ്റുള്ളവയുടെ പ്രജനനശേഷി ഇല്ലായ്മ ചെയ്യുകയുമാണ് നായ്ക്കളുടെ വര്‍ധനവ് തടയാനുള്ള ഉചിതമായ മാര്‍ഗം. ലോക രാഷ്ട്രങ്ങള്‍ പരീക്ഷിച്ച് വിജയം കണ്ട മാര്‍ഗം വന്ധ്യംകരണമാണെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
10 വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നായ്ക്കളെ പിടിച്ചിരുന്ന സമയത്ത് നായ്ക്കളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ 2001 ല്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിലവില്‍ വന്നതോടെ നായ്ക്കളെ പിടിച്ചാല്‍ പിടിച്ചവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന അവസ്ഥയുണ്ടായി. ഇതു നായ്ക്കള്‍ വര്‍ധിക്കാന്‍ ഇടയായി. നിയമപരമായി നായ്ക്കളെ കൊല്ലാന്‍ പൊലിസ് സ്‌റ്റേഷനില്‍ എസ്‌ഐയ്ക്കു നായയുടെ ഫോട്ടോയും വച്ച് പരാതി സമര്‍പ്പിക്കണം. തുടര്‍ന്ന് കോടതി അനുമതി ലഭിച്ച ശേഷം വെറ്ററിനറി സര്‍ജനുമായി നായപിടുത്തക്കാര്‍ക്കൊപ്പം നായയെ തേടി ഇറങ്ങണം. എസ്‌ഐയുടെ ചുമതലയാണ് ഫോട്ടോയിലെ നായയെയാണ് പിടിച്ചതെന്നു ഉറപ്പുവരുത്തേണ്ടത്. ഇതിനായി മൂന്നു പേരുടെ സാക്ഷിപത്രവും വാങ്ങണം. നായ്ക്കു പേയുണ്ടെന്ന് ഡോക്ടര്‍ സാക്ഷിപ്പെടുത്തിയാല്‍ മാത്രമെ കൊല്ലാനാകൂ. ഇത്രയേറെ പൊല്ലാപ്പുകള്‍ ഉള്ളതിനാല്‍ നായക്കളെ കണ്ടാല്‍ മാറിപോകാനാണ് മനുഷ്യന്‍ ശ്രമിക്കുന്നത്.
വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ പൊതുജനങ്ങളെ ഉപദ്രവിച്ചാല്‍ 25,000 രൂപ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാം. തെരുവുനായ്ക്കളെ കൊന്നാല്‍ സുപ്രീംകോടതി വിധിപ്രകാരം 5000രൂപ വരെ പിഴ ലഭിക്കും. നിയമക്കുരുക്കുകള്‍ ഇത്തരത്തില്‍ നിരവധി ഉണ്ടെങ്കിലും മനുഷ്യജീവനു വിലകല്‍പിക്കുന്ന നടപടികള്‍ അധികാരികള്‍ സ്വീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കുന്നു. തെരുവുനായ്ക്കളുടെ അക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകള്‍ ആശുപത്രികളില്‍ സജ്ജമായിക്കഴിഞ്ഞു. ഏതു നിമിഷവും കടിയേറ്റ് അളുകള്‍ എത്തുമെന്നതിനാല്‍ പ്രതിരോധ വാക്‌സിനുകള്‍ കരുതിവച്ചു കാത്തിരിക്കുകയാണ് സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."