ഇസ്‌ലാമിക പാരമ്പര്യവും നന്മയും കാത്തു സൂക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ് സമസ്ത: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: സമസ്തയുടെ നൂറാം വാര്‍ഷികം ചരിത്രത്തിലേക്കുള്ള പുതിയ അധ്യായമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച സംഘടിപ്പിച്ച നേതൃസംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഖൈറുല്ലാഹ് എന്ന് വിശേഷിക്കപ്പെട്ട അനുഗൃഹീത പ്രദേശമാണ് കേരളം. അവിടത്തെ ഇസ്‌ലാമിക പാരമ്പര്യവും നന്മയും വെണ്മയും കാത്തു സൂക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
1920കളിലെ കലുശിതമായ സാഹചര്യത്തിലാണ് സമസ്ത പിറവിയെടുക്കുന്നത്. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ രാജ്യസ്‌നേഹികള്‍ അഭിമാനബോധത്തോടെ പോരാടുന്ന ഒരു കാലമായിരുന്നു അത്. മലബാറില്‍ പല വീടുകളിലും പോരാടി മരിച്ച ആളുകളുടെ ഖബറുകള്‍ കാണാം. പ്രസ്തുത കാലത്താണ് പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത് ഇതിനെ നേരിടാനാണ് പണ്ഡിതന്മാരും സാദാത്തുക്കളും യോജിച്ച് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാക്ക് രൂപം നല്‍കിയത് എന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സമസ്തയുടെ പ്രവര്‍ത്തനം കൊണ്ട് സൗഹാര്‍ദം കാത്തു സൂക്ഷിക്കാന്‍ സാധിച്ചു എന്നത് അവിസ്മരണീയമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്‌ലിംങ്ങളുടെ രാഷ്ട്രീയ അസ്തിത്വം കാത്തുസൂക്ഷിക്കുന്നതിനും സമസ്ത മാതൃക കാണിച്ചു. ഇത് മുസ്ലിംകള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും സഹായകമായെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സമസ്ത സ്ഥാപക പ്രസിഡണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കല്‍ മഖാം സിയാറത്തോടെയാണ് നേതൃസംഗമ പരിപാടികൾക്ക് തുടക്കമായത്. സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധകളുമാണ് കോഴിക്കോട് സമസ്ത അങ്കണത്തില്‍ വെച്ച് നടക്കുന്ന നേതൃസംഗമത്തിൽ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."