പോരുന്നോ..., ഭൂമിയിലെ സ്വര്‍ഗം കാണാന്‍
കൊളുക്കുമല കാണാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടോ? ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമാണ് തമിഴ്‌നാട്ടിലെ തേനിയിലേത്. മൂന്നാര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ദൂരമുണ്ട് കൊളുക്കുമലയിലേക്ക്. കേരളത്തില്‍ നിന്നു മാത്രമാണ് റോഡ് മാര്‍ഗമുള്ള പ്രവേശനം. ഏകദേശം ഒന്നരമണിക്കൂര്‍. 17 കിലോ മീറ്ററിനടുത്ത് യാത്ര.
ലോകപ്രശസ്തമാണ് കൊളുക്കുമലയിലെ സൂര്യോദയം. സ്വദേശികളും വിദേശികളുമടക്കം സഞ്ചാരികളുടെ പ്രവാഹമാണിവിടം. ഉദയവും അസ്തമയവും ആസ്വദിക്കാനായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. പുലര്‍കാല സൂര്യന്റെ പൊന്‍കിരണങ്ങള്‍ കണ്ടാസ്വദിക്കണമെങ്കില്‍ മലമുകളില്‍ ടെന്റ് കെട്ടി താമസിക്കാം.
തൊട്ടടുത്ത് നില്‍ക്കുന്നവരെപോലും ഒരു നിമിഷം കൊണ്ട് മറച്ചുകളയുന്ന കോടമഞ്ഞുമൊക്കെ ആസ്വദിച്ച് സഞ്ചാരിക്ക് മലയിറങ്ങാം.
ഓര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലുമൊന്ന് സമ്മാനിക്കാതെ ഒരു സഞ്ചാരിക്കും കൊളുക്കുമലയിറങ്ങേണ്ടി വന്നിട്ടില്ല.
75 വര്‍ഷത്തിലധികം പഴക്കമുള്ള തേയില ഫാക്ടറിയാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ലോകത്തിലെ ഏറ്റവും മികച്ച ചായപ്പൊടികളില്‍ ഒന്ന് കൊളുക്കുമലയിലെയാണ്. 1935ല്‍ ഇംഗ്ലണ്ടില്‍ നിന്നു കൊണ്ടുവന്ന യന്ത്രങ്ങളുപയോഗിച്ച് പരമ്പരാഗതമായ രീതിയില്‍ തേയില കൊളുന്തുകള്‍ സംസ്‌കരിക്കുന്ന ടീഫാക്ടറിയാണിത്.
രാത്രികാലങ്ങളും സഞ്ചാരികള്‍ക്കായി ഉല്ലാസപ്രദമാണ്. ഇവിടെ ക്യാംപ് ഫയര്‍, ലൈവ് മ്യൂസിക്, ബാര്‍ബിക്യൂ തുടങ്ങിയവയെല്ലാം ഉണ്ടാവാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."