ബി.ഡി.ജെ.എസ് നേതാവ് തൂങ്ങിമരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് സംഘടനകള്‍
പറവൂര്‍: ബി.ഡി.ജെ.എസ് നേതാവ് എം.സി വേണു സി.പി.എം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ സമ്മര്‍ദം ഉണ്ടായിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു.
ഈ ദാരുണ സംഭവത്തില്‍ ഒട്ടേറെ അഭ്യുഹങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരക്കുന്നുണ്ട്. നിഷ്പക്ഷ അന്വേഷണത്തിലൂടെ മാത്രമേ ദുരൂഹത നീക്കാന്‍ കഴിയൂവെന്ന് കോണ്‍ഗ്രസ് (ഐ) വടക്കേക്കര ബ്ലോക് പ്രസിഡന്റ് പി.ആര്‍ സൈജന്‍, മണ്ഡലം പ്രസിഡന്റ് അനില്‍ ഏലിയാസ് എന്നിവര്‍ പറഞ്ഞു. അതേസമയം വേണു സി.പി.എം ഓഫീസില്‍ തുങ്ങിമരിക്കാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
സി.പി.എം വടക്കേക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന വേണു പാര്‍ട്ടിവിട്ട് ബി.ഡി.ജെ.എസില്‍ ചേര്‍ന്നതോടെ സി പി എം ഇദ്ദേഹത്തെ മാനസീകമായി പീഡിപ്പിച്ചിരുന്നു. ഒരുഘട്ടത്തില്‍ വധഭീഷണിവരെ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണമോ, നടപടികളോ ഉണ്ടായിരുന്നില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. അവസാനമായി ഒരു വിവാഹവീട്ടില്‍ വച്ച് വേണുവിനെ ആക്ഷേപിക്കുകയും മറ്റും ചെയ്തിരുന്നതായും ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷ്ണന്‍, പി എം.വേലായുധന്‍, എം.കെ സദാശിവന്‍ എന്നിവര്‍ പറഞ്ഞു. പറവൂരില്‍ നടത്തിയ അനുശോചനയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എസ് ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എയുടെ നേതൃതത്തില്‍ പറവൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തി. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ആഹ്വാനം.
എന്നാല്‍ ഹര്‍ത്താല്‍ മണ്ഡലത്തില്‍ കാര്യമായി ബാധിച്ചില്ല. മരണം നടന്ന വടക്കേക്കര പഞ്ചായത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളും മറ്റു മേഖലകളും പ്രവര്‍ത്തിച്ചു. നഗരം കേന്ദ്രീകരിച്ചു എന്‍.ഡി.എ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ഏതാനും കടകള്‍ അടപ്പിച്ചു. വാഹനങ്ങള്‍ മിക്കാവാറും സര്‍വീസുകളും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."